
കോട്ടയം: ചരിത്രപ്രസിദ്ധമായ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ‘ഏഴരപ്പൊന്നാന’യുടെ തനിമയും മാറ്റും പരിശോധിക്കാൻ ഹൈക്കോടതി നിർദ്ദേശം. തിരുവിതാംകൂർ ദേവസ്വം ബോർഡ് ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർക്കാണ് ഹൈക്കോടതി ഇതുസംബന്ധിച്ച കർശന നിർദ്ദേശം നൽകിയത്. ക്ഷേത്രത്തിലെ തിരുവാഭരണ രജിസ്റ്ററുകളും ഏഴരപ്പൊന്നാനയും നേരിട്ട് കണ്ട് ബോധ്യപ്പെടാനാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, കെ. വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
ക്ഷേത്രത്തിലെ ഭക്തനായ എ. ജി. പ്രസാദ് കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ഏഴരപ്പൊന്നാന പൊതിഞ്ഞിരുന്ന സ്വർണ്ണപ്പാളികളുടെ അറ്റകുറ്റപ്പണികളും നവീകരണ ജോലികളും നടത്തിയപ്പോൾ വൻ അട്ടിമറി നടന്നു. യഥാർത്ഥ സ്വർണ്ണപ്പാളികൾ പലതും മാറ്റി പകരം ചെമ്പോ അല്ലെങ്കിൽ മൂല്യം കുറഞ്ഞ മറ്റ് ലോഹങ്ങളോ സ്ഥാപിച്ചെന്നാണ് പരാതിക്കാരന്റെ ആക്ഷേപം. കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. അറ്റകുറ്റപ്പണി നടത്തിയതിലോ സ്വർണം കൈകാര്യം ചെയ്തതിലോ യാതൊരുവിധ ക്രമക്കേടും നടന്നിട്ടില്ലെന്നായിരുന്നു അഡ്മിനിസ്ട്രേറ്റീവ് ഓഫിസറുടെയും അസി. ദേവസ്വം കമ്മിഷണറുടെയും റിപ്പോർട്ട്. ഈ റിപ്പോർട്ടിലെ കണ്ടെത്തലുകൾ അവിശ്വസിക്കേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയ കോടതി, എന്നാൽ ഭക്തരുടെ ആശങ്ക പരിഹരിക്കാൻ ചീഫ് വിജിലൻസ് ഓഫിസർ നേരിട്ട് പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന് ഉത്തരവിടുകയായിരുന്നു. പരിശോധനയ്ക്കായി വിശ്വസ്തനായ ഒരു സ്വർണ്ണപ്പണിക്കാരന്റെ സേവനവും തേടാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഏറ്റുമാനൂരിലെ ഏഴരപ്പൊന്നാന പരിശോധന കോടതി നിർദ്ദേശപ്രകാരമുള്ളതാണെന്നും അത് നടക്കട്ടെയെന്നും മുൻ ദേവസ്വം മന്ത്രി വി.എൻ വാസവൻ കോട്ടയത്ത് പ്രതികരിച്ചു. വിവാദമായ ശബരിമല സ്വർണ്ണക്കൊള്ള കേസിലും അദ്ദേഹം നിലപാട് വ്യക്തമാക്കി. ശബരിമല കേസിന്റെ അന്വേഷണത്തിൽ കോടതി ഇതുവരെ പൂർണ്ണ തൃപ്തിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കേസിൽ ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കാൻ പോവുകയാണ്. ഈ കേസിൽ കൃത്യമായ അന്വേഷണം വേണമെന്ന് ആദ്യം ആവശ്യപ്പെട്ടത് താനാണെന്നും അതുകൊണ്ടുതന്നെ പ്രത്യേക അന്വേഷണ സംഘത്തിലും കോടതിയിലും തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും വി.എൻ വാസവൻ കൂട്ടിച്ചേർത്തു.