
കൊച്ചി: കൊച്ചിയിൽ സ്വകാര്യ ബസിനടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ അപകടസ്ഥലത്തുനിന്നും ശാസ്ത്രീയമായ മാനദണ്ഡങ്ങൾ പാലിക്കാതെ ആശുപത്രിയിലെത്തിച്ചതിനെതിരെ കുടുംബം രംഗത്ത്. അപകടത്തിൽപ്പെട്ട് റോഡിലുരഞ്ഞ് വസ്ത്രമെല്ലാം കീറിപ്പറിഞ്ഞ നിലയിലായിരുന്ന വീട്ടമ്മയെ ആവശ്യമായ യാതൊരുവിധ പ്രഥമ ശുശ്രൂഷയും നൽകാതെ, മൂന്ന് മീറ്ററോളം വലിച്ചിഴച്ചാണ് ഓട്ടോറിക്ഷയിൽ കയറ്റിയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഇത് അവരുടെ ആരോഗ്യനില കൂടുതൽ വഷളാക്കാൻ കാരണമായെന്നാണ് കുടുംബത്തിന്റെ പരാതി.
ജൂൺ 16-ന് ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ അപകടം നടന്നത്. നിയന്ത്രണം വിട്ട സ്വകാര്യ ബസിനടിയിലേക്ക് വീണ വീട്ടമ്മയെ ബസ് ഏകദേശം മൂന്ന് മീറ്ററോളം റോഡിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു. അപകടം നടന്നയുടൻ ശാസ്ത്രീയമായ രീതിയിൽ സ്ട്രെച്ചറിൽ കിടത്തി ആംബുലൻസിന്റെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ വീട്ടമ്മയ്ക്കുണ്ടായ പരിക്കുകളുടെ തീവ്രത വലിയ രീതിയിൽ കുറയ്ക്കാൻ സാധിക്കുമായിരുന്നുവെന്ന് ഡോക്ടർമാർ വ്യക്തമാക്കിയതായി ബന്ധുക്കൾ പ്രതികരിച്ചു. നിലവിൽ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ഇവർക്ക് അടിയന്തര ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. ഇതിനുശേഷമാണ് ഇവരുടെ ആരോഗ്യനിലയിൽ ഇപ്പോൾ ഭാഗികമായ പുരോഗതിയുണ്ടായിട്ടുള്ളത്.