മലപ്പുറം: സാമ്പത്തിക തട്ടിപ്പ് കേസിൽ സസ്പെൻഷനിലായ മലപ്പുറം വാഴക്കാട് പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ഹരിദാസനെതിരെ കൂടുതൽ ഗുരുതര പരാതികൾ പുറത്തേക്ക്. എട്ടു മാസം ഗർഭിണിയായ യുവതിയെ വീട്ടിലെത്തി മൊഴി മാറ്റാൻ ഹരിദാസൻ ഭീഷണിപ്പെടുത്തിയെന്നാണ് പുതിയ പരാതി. കൊണ്ടോട്ടി സ്വദേശിയായ മുഹമ്മദ് ബഷീർ, ഭാര്യ സാജിദ എന്നിവരാണ് എഎസ്‌ഐക്കെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. കേസുമായി ബന്ധപ്പെട്ട മൊഴി മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഹരിദാസൻ തങ്ങളുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതെന്ന് ദമ്പതികൾ പറഞ്ഞു. മൊഴി മാറ്റിയില്ലെങ്കിൽ ഭാവിയിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും പരാതിക്കാർ വ്യക്തമാക്കുന്നു.



കഴിഞ്ഞ 2025-ൽ ബഷീറും ഭാര്യ സാജിദയും കൊണ്ടോട്ടിയിൽ വെച്ച് ഒരു പൊലീസുകാരനെ ചിലർ മർദ്ദിക്കുന്നത് നേരിട്ട് കണ്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിലാണ് ഇവർ പൊലീസിന് കൃത്യമായ മൊഴി നൽകിയത്. ഈ കേസിലെ പ്രതികളെ സഹായിക്കാനായി, എട്ടു മാസം ഗർഭിണിയായ സാജിദ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി മൊഴി മാറ്റണം എന്നായിരുന്നു ഹരിദാസന്റെ ഭീഷണി. തങ്ങൾ ഭീഷണിക്ക് വഴങ്ങാതിരുന്നതോടെ, കുടുംബത്തിന്റെ യാതൊരുവിധ അനുമതിയും ഇല്ലാതെ എഎസ്‌ഐ ഹരിദാസൻ സ്വന്തം ഇഷ്ടപ്രകാരം മൊഴി മാറ്റി എഴുതിയെന്നും ബഷീർ ആരോപിച്ചു. എഎസ്‌ഐയുടെ ഭാഗത്തുനിന്നുണ്ടായ ഈ ക്രൂരമായ ഭീഷണിയെ തുടർന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് നേരിട്ട് പരാതി നൽകിയിട്ടുണ്ടെന്നും ബഷീർ പ്രതികരിച്ചു. നിലവിൽ സാമ്പത്തിക തട്ടിപ്പ് കേസിൽ സസ്പെൻഷനിലുള്ള ഹരിദാസനെതിരെ കൂടുതൽ വകുപ്പുകൾ പ്രകാരം നടപടിയുണ്ടാകുമെന്നാണ് സൂചന