‘എൽ.ഡി.എഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന് ചോദിച്ചിട്ട് കാര്യമില്ല…. മുദ്രാവാക്യവും പാളിയെന്ന് സിപിഐഎം


തിരുവനന്തപുരം: കഴിഞ്ഞ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെക്കുറിച്ചുള്ള സിപിഐഎം അവലോകന റിപ്പോർട്ടിൽ സംസ്ഥാന നേതൃത്വത്തിനും ഘടകകക്ഷികൾക്കുമെതിരെ രൂക്ഷവിമർശനം. എൽഡിഎഫ് മുന്നോട്ടുവെച്ച തിരഞ്ഞെടുപ്പ് മുദ്രാവാക്യവും പ്രകടനപത്രികയും ജനങ്ങളെ ആകർഷിക്കുന്നതിൽ പൂർണ്ണമായി പരാജയപ്പെട്ടെന്നാണ് പാർട്ടി സംസ്ഥാന സമിതി അംഗീകരിച്ച റിവ്യു റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. ‘എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന തിരഞ്ഞെടുപ്പ് മുദ്രാവാക്യം മുൻ തിരഞ്ഞെടുപ്പുകളിലേത് പോലെ ജനങ്ങളിലേക്ക് എത്തിക്കാനോ അവരെ ആകർഷിക്കാനോ കഴിഞ്ഞില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്രകടന പത്രികയും വേണ്ടത്ര ആകർഷകമായിരുന്നില്ല.

ഇതിനുപുറമെ, പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും മോശം പെരുമാറ്റത്തെക്കുറിച്ച് ജനങ്ങളിൽ നിന്ന് വ്യാപക പരാതികളുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. നേതാക്കളും പ്രവർത്തകരും തങ്ങളുടെ അഹങ്കാര സമീപനം വെടിഞ്ഞ് എത്രയും വേഗം ജനസൗഹൃദപരമായ ശൈലിയിലേക്ക് സ്വയം മാറണമെന്നാണ് പാർട്ടിയുടെ കർശന നിർദ്ദേശം. പാർട്ടിക്കകത്തുണ്ടായ തെറ്റായ പ്രവണതകൾ ജനങ്ങൾക്കിടയിൽ വലിയ അവമതിപ്പുണ്ടാക്കി. സഹകരണ ബാങ്കുകളിലെ ക്രമക്കേടുകളും ചില നേതാക്കളുടെ ആഡംബര ജീവിതശൈലിയും പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് കനത്ത മങ്ങലേൽപ്പിച്ചുവെന്നും അവലോകന റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. സ്ഥാനാർത്ഥി നിർണ്ണയത്തിൽ സംസ്ഥാന നേതൃത്വത്തിന് പിഴവ് സംഭവിച്ചിട്ടില്ലെന്ന് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ നേരത്തെ ആവർത്തിച്ചിരുന്നെങ്കിലും, റിപ്പോർട്ടിൽ സംസ്ഥാന സെക്രട്ടേറിയറ്റിനും സംസ്ഥാന കമ്മിറ്റിക്കും ഗുരുതര വീഴ്ച പറ്റിയതായി പാർട്ടി സമ്മതിക്കുന്നു. തളിപ്പറമ്പിലെയും പയ്യന്നൂരിലെയും സ്ഥാനാർത്ഥി നിർണ്ണയത്തിൽ സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റി.

ജില്ലാ കമ്മിറ്റി ശുപാർശ ചെയ്ത പേരുകൾ കണ്ണുംപൂട്ടി അംഗീകരിക്കുകയായിരുന്നു. തളിപ്പറമ്പിൽ പി.കെ. ശ്യാമളയുടെ സ്ഥാനാർത്ഥിത്വം സംസ്ഥാന നേതൃത്വത്തിന് വേണമെങ്കിൽ തള്ളാമായിരുന്നു. പയ്യന്നൂരിൽ ടി.ഐ. മധുസൂദനനെ മാറ്റിനിർത്താൻ പാർട്ടി നേതൃത്വം തയ്യാറാകണമായിരുന്നുവെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. പാർട്ടി നിർദ്ദേശം ലംഘിച്ച് വിമതന്മാർ മത്സരിച്ചത് പാർട്ടിയുടെ മതിപ്പ് കുറയ്ക്കാനും എതിരാളികൾക്ക് ആയുധം നൽകാനും ഇടയാക്കി. തോൽവിയിൽ ഘടകകക്ഷികളെയും സിപിഐഎം റിപ്പോർട്ടിൽ രൂക്ഷമായി വിമർശിക്കുന്നുണ്ട്. ചാത്തന്നൂരിലെയും ചടയമംഗലത്തെയും പരാജയത്തിന് കാരണം സിപിഐയിലെ ആഭ്യന്തര സംഘടനാ പ്രശ്നങ്ങളാണെന്നാണ് സിപിഐഎമ്മിന്റെ കണ്ടെത്തൽ. മുന്നണിയിലെ മറ്റ് ഘടകകക്ഷികൾ മത്സരിച്ച കൽപ്പറ്റ, എലത്തൂർ, കോവളം, കുട്ടനാട് എന്നീ മണ്ഡലങ്ങളിലെ തോൽവിക്ക് കാരണം സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാളിച്ചകളാണെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു

أحدث أقدم