ഇടതുഭാഗത്തിന് പകരം വലതുഭാഗത്ത് സർജറി… കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന് പരാതി





        
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരമായ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി. വാണിമേൽ സ്വദേശി റീജിത്ത് (46) ആണ് ഇന്ന് പുലർച്ചെ മരണപ്പെട്ടത്. കിഡ്നി സ്റ്റോൺ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയ റീജിത്തിന് ഡോക്ടർമാരുടെ ഭാഗത്തുനിന്ന് വലിയ വീഴ്ചയുണ്ടായെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ പ്രതിഷേധിച്ചു മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കി. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് റീജിത്തിന്റെ ആദ്യ സർജറി നടന്നത്. തുടർന്ന് ഈ വർഷം ഏപ്രിലിൽ രണ്ടാമത്തെ സർജറിയും ചെയ്തു. എന്നാൽ ആദ്യ സർജറി ചെയ്തപ്പോൾ തന്നെ ഡോക്ടർമാർക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് കുടുംബം പറയുന്നത്.
റീജിത്തിന്റെ ശരീരത്തിന്റെ ഇടതുഭാഗത്തായിരുന്നു സർജറി ചെയ്യേണ്ടിയിരുന്നത്. എന്നാൽ ഡോക്ടർമാർ ആദ്യം സർജറി ചെയ്തത് വലതുഭാഗത്താണ്. മാറി ചെയ്ത ഈ സർജറിയെ തുടർന്ന് വലതുഭാഗത്ത് കടുത്ത പഴുപ്പ് ഉണ്ടായി. ഇതിന് പിന്നാലെ കുടുംബത്തിന്റെ കൃത്യമായ അനുമതി വാങ്ങാതെ ഡോക്ടർമാർ ഇടതുഭാഗത്ത് വീണ്ടും സർജറി നടത്തുകയായിരുന്നു. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഈ ഗുരുതരമായ അനാസ്ഥയാണ് റീജിത്തിന്റെ മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. നിലവിൽ മൃതദേഹം ഏറ്റുവാങ്ങാൻ തയ്യാറാകാത്ത കുടുംബം, വിഷയത്തിൽ കൃത്യമായ അന്വേഷണവും നടപടിയും വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തുണ്ട്
Previous Post Next Post