തിരുവനന്തപുരം: സ്വന്തം സ്റ്റാറ്റസിന് കുറവാണെന്ന് പറഞ്ഞ് സർക്കാർ വക ഔദ്യോഗിക വാഹനം ഉപയോഗിക്കാതെ, ലക്ഷങ്ങൾ വാടക നൽകി ലക്ഷ്വറി കാറിൽ യാത്ര ചെയ്ത് ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ. മുൻ ചെയർപേഴ്സൺമാർ ഉപയോഗിച്ചിരുന്നതും കേവലം ആറ് വർഷം മാത്രം പഴക്കമുള്ളതുമായ ഔദ്യോഗിക വാഹനം കമ്മീഷനിൽ വെറുതെ കിടക്കുമ്പോഴാണ്, ഖജനാവിൽ നിന്ന് മാസം 50,000 രൂപ വീതം വാടക നൽകി ചെയർമാൻ ഇന്നോവ ക്രിസ്റ്റയിൽ വിഐപി യാത്ര നടത്തുന്നത്.

ഇതിനുപുറമെ സർക്കാർ ഡ്രൈവറെ ഉപയോഗിക്കാതെ, ദിവസവേതന വ്യവസ്ഥയിൽ പ്രത്യേകമായി ഡ്രൈവറെ നിയമിച്ചാണ് ചെയർമാന്റെ യാത്രകൾ. ടാക്സി വാഹനമായ ഇന്നോവ ക്രിസ്റ്റയുടെ മഞ്ഞ ബോർഡ്, ഗതാഗത വകുപ്പിന്റെ കർശന നിർദേശങ്ങൾ കാറ്റിൽപ്പറത്തി വെള്ള ബോർഡാക്കി മാറ്റിയാണ് കഴിഞ്ഞ ആറ് വർഷമായി ഇദ്ദേഹം സർവീസ് നടത്തുന്നത്. നിയമവിരുദ്ധമായി ബോർഡ് മാറ്റിയതിനെതിരെ ഗതാഗത വകുപ്പ് ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ബാലാവകാശ കമ്മീഷനിൽ ചെയർപേഴ്സൺ വലിയ രീതിയിൽ പണം ധൂർത്തടിക്കുകയാണെന്ന് കമ്മീഷൻ മുൻ സെക്രട്ടറി ഷൈനി ജോർജ് വെളിപ്പെടുത്തി. ഈ വാഹന ദുരുപയോഗം ചോദ്യം ചെയ്തതിനാണ് തന്നോട് അദ്ദേഹം അപമര്യാദയായി പെരുമാറിയതെന്നും ഷൈനി ആരോപിക്കുന്നു.

മനോജ് എന്ന് പറയുന്ന വ്യക്തി ക്രിസ്റ്റയിലേ കയറുള്ളൂ. ബാക്കി വാഹനങ്ങൾക്കൊന്നും അദ്ദേഹത്തിന് സ്റ്റാറ്റസ് പോരാ. മുഖ്യമന്ത്രിയുടെ അടുത്ത ആളെന്ന നിലയിൽ അതനുസരിച്ച് പോകണമല്ലോ എന്നാണ് ഭാവം. വണ്ടിക്കൂലി ഇനത്തിൽ മാത്രം മാസം 50,000 രൂപയ്ക്ക് മുകളിൽ ചെലവാകുന്നുണ്ട്. എന്റെ വണ്ടിയുടെ ബോർഡ് കൂടി വൈറ്റ് ആക്കാൻ എന്നോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് നിയമവിരുദ്ധമാണെന്ന് ഞാൻ പറഞ്ഞു. തുടർന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ ഓഫീസിലും ട്രാൻസ്പോർട്ട് വകുപ്പിലും അന്വേഷിച്ചപ്പോൾ ഇത് ഗുരുതരമായ തെറ്റാണെന്ന് തന്നെയാണ് വ്യക്തമായത്. എന്ന് ബാലാവകാശ കമ്മീഷൻ മുൻ സെക്രട്ടറി ഷൈനി ജോർജ്. ഗതാഗത വകുപ്പിന്റെ വ്യക്തമായ വിലക്കുള്ള ഉത്തരവ് നിലനിൽക്കെയാണ്, മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുത്ത ബന്ധം മുതലെടുത്ത് കെ.വി മനോജ് കുമാർ നിയമവിരുദ്ധമായി ഈ ആഡംബര വാഹനം കയ്യിൽ വെച്ചിരിക്കുന്നത്.