
മൂവാറ്റുപുഴ: പേടി മാറ്റുന്നതിനുള്ള പൂജയെന്ന പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വ്യാജസിദ്ധന് മൂവാറ്റുപുഴ പോക്സോ കോടതി 43 വർഷം തടവും രണ്ടേകാൽ ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. മൂവാറ്റുപുഴ സൗത്ത് മാറാടി പാറയിൽ അമീറി (42) നെയാണ് മൂവാറ്റുപുഴ ജില്ലാ സ്പെഷ്യൽ ജഡ്ജ് എ. സമീർ കടുത്ത ശിക്ഷയ്ക്ക് വിധിച്ചത്. പുത്തൻകുരിശ് പോലീസ് സ്റ്റേഷനിൽ 2023-ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ അന്തിമ വിധിയുണ്ടായിരിക്കുന്നത്.
കോലഞ്ചേരി കടമറ്റത്ത് വ്യാജപ്പേരിൽ സിദ്ധനായി നടിച്ച് ജ്യോതിഷാലയം നടത്തി വരികയായിരുന്നു പ്രതിയായ അമീർ. കുട്ടിയുടെ പേടി മാറ്റുന്നതിനായി പൂജ നടത്താനെന്ന വ്യാജേനയാണ് രക്ഷിതാക്കൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഈ ജ്യോതിഷാലയത്തിൽ എത്തിച്ചത്. എന്നാൽ പൂജയുടെ മറവിൽ പ്രതി കുട്ടിക്കുനേരേ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കുട്ടി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ രക്ഷിതാക്കൾ പരാതി നൽകുകയും പുത്തൻകുരിശ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. കേസ് എടുത്തതോടെ ഒളിവിൽ പോയ പ്രതിയെ പോലീസ് സംഘം കാറിൽ പിന്തുടർന്നാണ് സിനിമ സ്റ്റൈലിൽ അറസ്റ്റ് ചെയ്തത്. പ്രതി വാടകയ്ക്കെടുത്ത കെട്ടിടത്തിൽ പ്രവർത്തിച്ചുവന്ന ജ്യോതിഷാലയത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ വിഗ്രഹങ്ങളും പണവും കണ്ടെടുത്തു.
പുത്തൻകുരിശ് ഇൻസ്പെക്ടർ ടി. ദിലീഷാണ് കേസിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ആർ. ജമുന കോടതിയിൽ ഹാജരായി. കെ. സജീവ്, മനോജ് കുമാർ, ബിജു ജോൺ, എ.എസ്.ഐ.മാരായ ചന്ദ്രബോസ്, ജിഷാ മാധവൻ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് കേസിന്റെ അന്വേഷണത്തിൽ പങ്കാളികളായത്.