
തിരുവനന്തപുരം: മണ്ണന്തലയിൽ ഭാര്യ ഹസീനയെ മക്കളുടെ മുന്നിൽ വെച്ച് കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ഭർത്താവ് സുരേഷിനെ (46) തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിദംബരം റെയിൽവേ ട്രാക്കിൽ ട്രെയിനിന് മുന്നിൽ ചാടി മരിച്ച നിലയിലാണ് സുരേഷിന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം കാറിൽ രക്ഷപ്പെട്ട ഇയാൾക്കായി പോലീസ് വ്യാപക തിരച്ചിൽ നടത്തിവരികയായിരുന്നു. തന്റെ മൊബൈൽ ഫോൺ കിള്ളിപ്പാലത്ത് ഉപേക്ഷിച്ച ശേഷം, കാർ ബാലരാമപുരത്ത് ഇട്ടിട്ടാണ് സുരേഷ് ട്രെയിൻ മാർഗ്ഗം തമിഴ്‌നാട്ടിലേക്ക് കടന്നതെന്ന് പോലീസ് അറിയിച്ചു. നാലാഞ്ചിറ മഠത്തുനടയിൽ വാടകയ്ക്ക് താമസിക്കുന്ന ഹസീന (36) ബുധനാഴ്ച പുലർച്ചെ 5.45-നാണ് ക്രൂരമായി കൊല്ലപ്പെട്ടത്.
ഹസീനയും സുരേഷും തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഹസീനയെ കാണാനില്ലെന്ന് കാണിച്ച് സുരേഷ് മണ്ണന്തല പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ചൊവ്വാഴ്ച തിരികെയെത്തിയ ഹസീന, താൻ സുഹൃത്തിന്റെ വീട്ടിലായിരുന്നെന്നാണ് പറഞ്ഞത്. ഇതേച്ചൊല്ലി ചൊവ്വാഴ്ച രാത്രിയും ഇരുവരും തമ്മിൽ കടുത്ത വഴക്കുണ്ടായി. തുടർന്ന് മണ്ണന്തല പോലീസ് ഇരുവിഭാഗത്തെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി അനുനയിപ്പിച്ച് വിട്ടയച്ചെങ്കിലും വീട്ടിലെത്തിയ ശേഷവും തർക്കം തുടർന്നു. ഇതാണ് ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചത്. സുരേഷ് ഭാര്യയെ കൊലപ്പെടുത്തുന്നത് ഇവരുടെ മൂത്തമകൾ അമൃതാ സുരേഷ് നേരിൽ കാണുകയായിരുന്നു. മകൾ തന്നെയാണ് ഫോണിൽ വിളിച്ച് മണ്ണന്തല പോലീസിനെ വിവരം അറിയിച്ചത്.