സംസ്ഥാന പൊലീസ് സേനയിൽ വൻ അഴിച്ചുപണി നടത്തി സർക്കാർ. ഇടത് സർക്കാർ മാറ്റി നിർത്തിയ ഉദ്യോഗസ്ഥർക്ക് നിർണായക സ്ഥാനങ്ങളിൽ നിയമനം. എഡിജിപി തലം മുതൽ എസ്പിമാർ വരെയുള്ള 30 മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്. ക്രമസമാധാന ചുമതലയുള്ള പുതിയ എഡിജിപി ആയി പി. വിജയനെ നിയമിച്ചു. സൈബർ സെല്ലിന്റെ അധിക ചുമതലയും നൽകി. ഇന്റലിജന്റ്സ് വിഭാ​ഗം മേധാവിയായിരുന്നു പി. വിജയൻ. എസ്. ശ്രീജിത്തിനെ പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് ചുമതലയിൽ നിന്ന് മാറ്റി ജയിൽ എഡിജിപി ആയി നിയമിച്ചു. ഐപിഎസ് ലഭിച്ച് വർഷങ്ങൾക്ക് ശേഷം ഷൗക്കത്തലിക്കും ഷാജി സുഗണനും ക്രമസമാധാന ചുമതല ലഭിക്കുന്നത്. ഷൗക്കത്തലിക്കായിരുന്നു ടിപി ചന്ദ്രശേഖരൻ വധക്കേസിന്റെ ചുമതല.

ബൽറാം കുമാർ ഉപാധ്യായയെ ജയിൽ മേധാവി സ്ഥാനത്തുനിന്ന് മാറ്റി സായുധ പൊലീസ് ബറ്റാലിയൻ എഡിജിപി ആയി നിയമിച്ചു. എച്ച്. വെങ്കിടേഷിന് ക്രൈംബ്രാഞ്ച് എഡിജിപി ആയി പൂർണ ചുമതല നൽകി. ദിനേന്ദ്ര കശ്യപിനെ സായുധ പൊലീസ് ബറ്റാലിയനിൽ നിന്ന് മാറ്റി ഇന്റലിജൻസ് എഡിജിപിയാക്കി