
തിരുവനന്തപുരം: സംസ്ഥാന സർക്കാർ പുറത്തുവിട്ട ധവളപത്രത്തിൽ ഒളിച്ചുവെച്ചിരിക്കുന്നത് കടുത്ത ജനദ്രോഹ നയങ്ങളാണെന്ന രൂക്ഷവിമർശനവുമായി മുൻ ധനകാര്യ മന്ത്രിയും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവുമായ ഡോ. ടി.എം. തോമസ് ഐസക്. തിരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരന്റികളൊന്നും തന്നെ കേരളത്തിൽ നടപ്പിലാക്കാൻ പോകുന്നില്ലെന്ന് ധവളപത്രത്തിലൂടെ വ്യക്തമായിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ സർക്കാർ ജീവനക്കാർക്ക് ഇനി ശമ്പളപരിഷ്കരണം ഉണ്ടാകില്ലെന്നും, ജീവനക്കാരുടെ റിട്ടയർമെന്റ് പ്രായം ഉയർത്തുമെന്നും ധവളപത്രം വ്യക്തമാക്കുന്നു. ഇതോടൊപ്പം പാവപ്പെട്ടവരുടെ ക്ഷേമപെൻഷൻ ഇനി വീട്ടിൽ കൊണ്ട് ചെന്ന് കൊടുക്കില്ലെന്നും, നിലവിലുള്ള ക്ഷേമ പദ്ധതികൾ പലതും പൂർണ്ണമായി അവതാളത്തിലാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ലാഭകരമായ പൊതുമേഖലാ സ്ഥാപനങ്ങൾ പലതും സ്വകാര്യവൽക്കരിക്കാനും ചിലത് പൂട്ടാനുമുള്ള നീക്കമാണ് അണിയറയിൽ നടക്കുന്നത്.
കേരളത്തെ നിരന്തരം ശ്വാസം മുട്ടിക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ യു.ഡി.എഫ് സർക്കാർ പുലർത്തുന്ന മൗനത്തെ തോമസ് ഐസക് ശക്തമായി ചോദ്യം ചെയ്തു. സംസ്ഥാനത്ത് വലിയൊരു സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന വ്യാജ പ്രതീതി സൃഷ്ടിക്കാൻ വേണ്ടിയാണ് സർക്കാർ ഇപ്പോൾ ധവളപത്രം ഇറക്കിയിരിക്കുന്നതെന്ന് ഐസക് ആരോപിച്ചു. മുൻപ് പണം സമാഹരിക്കുന്നതിനായി എൽ.ഡി.എഫ് സർക്കാർ സ്വീകരിച്ച നയങ്ങൾ ശരിയല്ല എന്നാണ് പുതിയ ഭരണാധികാരികൾ പറയുന്നത്. എന്നാൽ അതിന് പകരമായി ധനസമാഹരണത്തിന് ഈ സർക്കാർ എന്ത് ചെയ്യുമെന്ന കാര്യത്തിൽ യാതൊരുവിധ വ്യക്തതയുമില്ല. കേരളം ഇനി വലിയൊരു സാമ്പത്തിക തിരിച്ചുപോക്കിനാണ് സാക്ഷ്യം വഹിക്കാൻ പോകുന്നത്. യു.ഡി.എഫ് സർക്കാരിന്റെ യഥാർത്ഥ മുൻഗണന എന്തിനാണെന്ന് തോമസ് ഐസക് ചോദിച്ചു. അത് അവർ പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരന്റിക്കാണോ, ജനങ്ങളുടെ ക്ഷേമ പദ്ധതികൾക്കാണോ, അതോ വെറും സാമ്പത്തിക അച്ചടക്കത്തിനാണോ എന്ന് സർക്കാർ ജനങ്ങളോട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.