
പാലക്കാട്: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ, സംസ്ഥാന നേതൃത്വങ്ങൾക്കെതിരെ പാലക്കാട് ജില്ലാ സമ്മേളനത്തിൽ കടുത്ത ഭാഷയിൽ ആത്മവിമർശനവും കുറ്റപ്പെടുത്തലുകളും. പുതുതലമുറയെ (ജെൻസി) ആകർഷിക്കാൻ എന്ന പേരിൽ നടത്തുന്ന ചാനൽ ചർച്ചകളിൽ പോയിരുന്ന് നേതാക്കൾ ‘പൂക്കികൾ’ ആകാൻ ശ്രമിക്കരുതെന്നാണ് സമ്മേളനത്തിൽ ഉയർന്ന പ്രധാന വിമർശനം. ഇത്തരം ലഘുവായ പരിപാടികൾക്ക് പകരം രാഷ്ട്രീയ ഗൗരവമുള്ള ചാനൽ ചർച്ചകളിൽ പങ്കെടുക്കാൻ നേതാക്കൾ തയ്യാറാകണമെന്ന നിർദ്ദേശവും കമ്മിറ്റിയിൽ ഉയർന്നു
കഴിഞ്ഞ പത്ത് വർഷമായി ഡിവൈഎഫ്‌ഐയുടെ പ്രവർത്തന ശൈലിയിൽ വലിയ വീഴ്ച സംഭവിച്ചതായി പ്രതിനിധികൾ കുറ്റപ്പെടുത്തി. സംഘടന എൽഡിഎഫ് സർക്കാരിന്റെ വെറുമൊരു പി.ആർ ടീം മാത്രമായി ഒതുങ്ങിപ്പോയി. ജനകീയവും ഗൗരവസ്വഭാവമുള്ളതുമായ സമരങ്ങളിൽ നിന്നും സംഘടന ബോധപൂർവ്വം വിട്ടുനിന്നു. സമര രംഗത്തുനിന്നുള്ള ഈ പിന്മാറ്റം സംഘടനയ്ക്ക് പൊതുസമൂഹത്തിൽ വലിയ തിരിച്ചടിയുണ്ടാക്കി. സിപിഒ റാങ്ക് ലിസ്റ്റ് സംരക്ഷണത്തിന് വേണ്ടി പോരാടുന്ന ഉദ്യോഗാർത്ഥികൾക്ക് ഇന്ന് ഡിവൈഎഫ്‌ഐയെ വിശ്വാസമില്ലാത്ത അവസ്ഥയാണ്. അവർ തങ്ങളുടെ പോരാട്ടങ്ങൾക്ക് ഇപ്പോൾ ഡിവൈഎഫ്‌ഐയെ ആശ്രയിക്കുന്നതേയില്ല എന്ന് ജില്ലാ സമ്മേളനത്തിലെ വിമർശനം ഉയർന്നു.
അഖിലേന്ത്യാ തലത്തിൽ ഡിവൈഎഫ്‌ഐ എന്ന യുവജന സംഘടന ഏറ്റെടുത്ത് നടത്തേണ്ട വലിയ സമരങ്ങൾ, ഇപ്പോൾ ക്യാമ്പസ് സംഘടനയായ എസ്എഫ്‌ഐ ആണ് മുന്നിൽ നിന്ന് നടത്തുന്നതെന്നും സമ്മേളനത്തിൽ ചൂണ്ടിക്കാണിക്കപ്പെട്ടു. അഖിലേന്ത്യാ നേതൃത്വത്തിന്റെ നിഷ്ക്രിയത്വമാണ് ഇതിന് കാരണം. ഇതിനുപുറമെ, പാലക്കാട് ജില്ലയിലെ ഡിവൈഎഫ്‌ഐ നേതാക്കളിൽ ചിലർ തികഞ്ഞ അവസരവാദ രാഷ്ട്രീയക്കാരാണെന്നും സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടിയാണ് ഇവർ നിലകൊള്ളുന്നതെന്നും കമ്മിറ്റിയിൽ രൂക്ഷമായ വിമർശനം ഉയർന്നു.