
ശബരിമല സ്വർണക്കൊള്ള വിവാദവുമായി ബന്ധപ്പെട്ട് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന മുഖ്യമന്ത്രി വി ഡി സതീശനെതിരെ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നൽകിയ ഉപഹർജി തിരുവനന്തപുരം സബ് കോടതി തള്ളി. സ്വർണക്കൊള്ള വിവാദത്തിൽ സതീശൻ തനിക്കെതിരെ നടത്തുന്ന പ്രസ്താവനകൾ വിലക്കണമെന്ന് ആവശ്യപ്പെട്ട് കടകംപള്ളി നൽകിയ ഉപഹർജി തിരുവനന്തപുരം സബ് കോടതി തള്ളി. സ്വർണക്കടത്ത് കേസിലെ കോടതി നടപടികൾ സഹിതം വി ഡി സതീശൻ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നത് തടയണമെന്നുമായിരുന്നു ഉപ ഹർജിയിലെ ആവശ്യം. സ്വർണക്കൊള്ള ആരോപണങ്ങളിൽ തനിക്ക് അപകീർത്തിയുണ്ടായെന്ന് ചൂണ്ടിക്കാട്ടി 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കടകംപള്ളി നൽകിയ പ്രധാന ഹർജിക്കൊപ്പമാണ് ഈ ഉപഹർജിയും സമർപ്പിച്ചിരുന്നത്. എന്നാൽ പ്രസ്താവനകൾ വിലക്കണമെന്ന കടകംപള്ളിയുടെ ഈ ആവശ്യം കോടതി അംഗീകരിച്ചില്ല. അപകീർത്തിയുമായി ബന്ധപ്പെട്ട പ്രധാന ഹർജിയിൽ വാദം തുടരും.