
കണ്ണൂർ: കണ്ണൂർ പിലാത്തറയിൽ ദുരൂഹസാഹചര്യത്തിൽ കാർ തകർത്ത നിലയിൽ കണ്ടെത്തി. പിലാത്തറയിലെ ഒരു ഒഴിഞ്ഞ സ്ഥലത്താണ് വശങ്ങൾ തകർന്ന നിലയിൽ വാഹനം കണ്ടെത്തിയത്. കാറിനുള്ളിൽ രക്തക്കറയും വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിലുമുണ്ട്. കാറിന്റെ ഉടമ സ്വർണ വിൽപനക്കാരനായ അശോക് യശ്വന്ത് എന്നയാളാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇന്ന് പുലർച്ചെ പ്രഭാത സവാരിക്ക് ഇറങ്ങിയ നാട്ടുകാരാണ് കാർ തകർന്ന നിലയിൽ ആദ്യം കണ്ടത്. തുടർന്ന് ഇവർ ഉടൻ തന്നെ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പരിയാരം പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.
തലശ്ശേരിയിൽ ഏറെനാളായി താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് ഇതെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. പുലർച്ചെയോടെ പയ്യന്നൂരിൽ നിന്നും പിലാത്തറയിലേക്ക് വരുന്ന വഴിയാകാം അക്രമം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക അനുമാനം. സ്വർണ വ്യാപാരിയുടെ വാഹനമായതിനാൽ ഇത് ആസൂത്രിതമായ ഒരു മോഷണശ്രമത്തിന്റെ ഭാഗമായി നടന്ന അക്രമം ആയിരിക്കാമെന്നാണ് പോലീസ് നിഗമനം. വാഹനത്തിനുള്ളിൽ രക്തക്കറ കണ്ടെത്തിയതും വസ്ത്രങ്ങൾ വലിച്ചുവാരിയിട്ടതുമെല്ലാം സംഭവത്തിന്റെ ദുരൂഹത വർദ്ധിപ്പിക്കുന്നു. കാറിലുണ്ടായിരുന്നവർക്ക് എന്ത് സംഭവിച്ചു എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താൻ പരിയാരം പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.