നിർമാണക്കരാർ ലംഘിച്ചു, ചെക്ക് മടങ്ങി…. ദിലീപ് ചിത്രം ‘നീക്കം’ റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു…


ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘നീക്കം’ സിനിമയുടെ റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു. പ്രമുഖ നിർമാതാവ് എ.വി. അനൂപ് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് കെ. കുമരേഷ് ബാബു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. നിർമാണ കരാറുമായി ബന്ധപ്പെട്ട തർക്കങ്ങൾ മധ്യസ്ഥതയിലൂടെ പരിഹരിക്കുന്നത് വരെ ഹർജിക്കാരന്റെ താത്പര്യങ്ങൾ സംരക്ഷിക്കാൻ സ്റ്റേ അനിവാര്യമാണെന്ന് കോടതി വിലയിരുത്തി.

‘നീക്കം’ ചിത്രത്തിന്റെ നിർമാതാവായ സന്ദീപ് സേനനുമായുള്ള സാമ്പത്തിക തർക്കമാണ് ഹർജിക്ക് ആധാരമായിട്ടുള്ളത്. ചിത്രത്തിന്റെ നിർമാണക്കരാർ ലംഘിച്ചുവെന്നും സന്ദീപ് സേനൻ നൽകിയ ചെക്ക് മടങ്ങിയെന്നും എ.വി. അനൂപ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് സിനിമയുടെ റിലീസ് തടഞ്ഞുകൊണ്ട് കോടതി ഉത്തരവിട്ടത്. ഉർവശി തിയേറ്റേഴ്‌സ്, കാക്ക സ്റ്റോറീസ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ സന്ദീപ് സേനനും അലക്‌സ് ഇ. കുര്യനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സംഗീത് സേനൻ, നിമിത ഫ്രാൻസിസ് എന്നിവരാണ് സഹനിർമാതാക്കൾ. വൻ താരനിര അണിനിരക്കുന്ന ഒരു ബിഗ് ബജറ്റ് ചിത്രമാണ് ‘നീക്കം’. അശോകൻ, ബിനു പപ്പു, കലാഭവൻ ഷാജോൺ, സിദ്ദിഖ്, വീണ നന്ദകുമാർ, ബിലാസ് ചന്ദ്രഹാസൻ, സിറാജ്, ശാരി, രമ്യ സുരേഷ്, ദിയ ദീപൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. വിബിൻ ബാലചന്ദ്രനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. റിലീസിനൊരുങ്ങുന്നതിനിടെ കോടതിയിൽ നിന്നുണ്ടായ അപ്രതീക്ഷിത വിലക്ക് ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കും ദിലീപ് ആരാധകർക്കും വലിയ നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്

Previous Post Next Post