ആഭ്യന്തര മന്ത്രിയുടെ സന്ദർശനം…. മിഠായി വേണ്ട, ആലപ്പുഴയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് മിഠായി നൽകാനെത്തിയ SFI ക്കാർ കസ്റ്റഡിയിൽ


ആലപ്പുഴ: കാർത്തികപ്പള്ളി സ്കൂളിലെ പ്രവേശനോത്സവ ഉദ്ഘാടനത്തിനായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എത്തുന്നതിന് തൊട്ടുമുമ്പ് നാടകീയ രംഗങ്ങൾ. സ്കൂളിൽ വിദ്യാർത്ഥികൾക്ക് മിഠായി വിതരണം ചെയ്യുകയായിരുന്ന എസ്എഫ്ഐ ജില്ലാ സെക്രട്ടറി അടക്കമുള്ള പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലാക്കി. മന്ത്രിക്ക് നേരെ പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് തടങ്കലെന്നാണ് പൊലീസിന്റെ വിശദീകരണം. ആഭ്യന്തര മന്ത്രി സ്കൂളിൽ എത്തുന്നതിന് കൃത്യം അരമണിക്കൂർ മുമ്പാണ് മിഠായി വിതരണം ചെയ്തുകൊണ്ടിരുന്ന എസ്‌എഫ്‌ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.

എന്നാൽ തങ്ങൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്ക് മിഠായി നൽകാൻ മാത്രമാണ് എത്തിയതെന്നും നിലവിൽ യാതൊരുവിധ പ്രതിഷേധ സാഹചര്യവും സ്കൂളിൽ ഇല്ലായിരുന്നുവെന്നും എസ്‌എഫ്‌ഐ പ്രവർത്തകർ വ്യക്തമാക്കി. അറസ്റ്റിലായ പ്രവർത്തകരെ നിലവിൽ തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിലാണ് പാർപ്പിച്ചിരിക്കുന്നത്. തങ്ങളുടെ പ്രവർത്തകരെ ഉടനടി വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് മറ്റ് എസ്‌എഫ്‌ഐ പ്രവർത്തകർ പൊലീസ് സ്റ്റേഷന് മുന്നിൽ എത്തി പ്രതിഷേധിക്കുകയാണ്. സ്റ്റേഷൻ പരിസരത്ത് ഇപ്പോൾ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. അതേസമയം, എസ്‌എഫ്‌ഐ പ്രവർത്തകരെ മാറ്റിയതിന് പിന്നാലെ സ്കൂളിൽ നിശ്ചയിച്ച പ്രകാരം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. 

Previous Post Next Post