ഒറ്റയടിക്ക് 1240 രൂപ കുറഞ്ഞു; സ്വര്‍ണവില 1,06,000ല്‍ താഴെ...




കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് ഒറ്റയടിക്ക് 1240 രൂപ കുറഞ്ഞതോടെ വീണ്ടും 1,06,000ല്‍ താഴെ എത്തി നില്‍ക്കുകയാണ് സ്വര്‍ണവില. 1,05,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 155 രൂപയാണ് കുറഞ്ഞത്. 13,215 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തിന് അയവ് വന്നതോടെ എണ്ണവില കുറഞ്ഞത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. ഉടന്‍ തന്നെ പലിശനിരക്ക് വര്‍ധിപ്പിക്കില്ലെങ്കിലും സമീപഭാവിയില്‍ തന്നെ വീണ്ടും പലിശനിരക്ക് വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് അമേരിക്കന്‍ കേന്ദ്ര ബാങ്ക് ആലോചിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് സ്വര്‍ണവില കുറയാന്‍ കാരണം. ഇതിന് പുറമേ ഡോളര്‍ ശക്തിയാര്‍ജിച്ചതും സ്വര്‍ണവില ഇടിയാന്‍ ഇടയാക്കിയതായി വിപണി വിദഗ്ധര്‍ പറയുന്നു.

വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
أحدث أقدم