
ഇറാനിൽ വൻ നാശനഷ്ടവും ആൾനാശവും വിതച്ച് വീണ്ടും അമേരിക്കൻ വ്യോമാക്രമണം. യുഎസ് നടത്തിയ ശക്തമായ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടതായും 78 പേർക്ക് പരുക്കേറ്റതായും ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആക്രമിക്കപ്പെട്ടവയിൽ തന്ത്രപ്രധാനമായ ഒരു റെയിൽവേ പാലവും ഉൾപ്പെടുന്നു. ഫെബ്രുവരി 28-ന് യുഎസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിന്റെ ആദ്യ ദിനത്തിലാണ് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി കൊല്ലപ്പെടുന്നത്. ദിവസങ്ങൾ നീണ്ട വിലാപയാത്രകൾക്ക് ശേഷം ഇന്ന് നടക്കാനിരുന്ന അദ്ദേഹത്തിന്റെ കബറടക്ക ചടങ്ങുകൾ യുഎസ് ആക്രമണത്തെത്തുടർന്ന് വൈകുമെന്നാണ് റിപ്പോർട്ട്.
ഇന്ന് രാവിലെ നടക്കാനിരുന്ന കബറടക്ക ചടങ്ങുകൾ നിലവിലെ അടിയന്തര സാഹചര്യം മുൻനിർത്തി പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടരയിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ത്യൻ സമയം വൈകിട്ട് നാലരയ്ക്കാണ് കബറടക്കം നടക്കുക. ഇറാനിലെ മഷാദിലാണ് ഖമേനിയുടെ ഭൗതികശരീരം അന്ത്യവിശ്രമത്തിനായി ഒരുക്കുന്നത്. അമേരിക്കൻ ആക്രമണത്തിൽ റെയിൽവേ പാലം തകർന്നതോടെ ടെഹ്‌റാനിൽ നിന്നും മഷാദിലേക്കുള്ള റെയിൽ ഗതാഗതം പൂർണ്ണമായി നിർത്തിവച്ചതായാണ് വിവരം. ഈ സാഹചര്യത്തിൽ, മഷാദിൽ ഇന്ന് നടക്കുന്ന ഖമേനിയുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ആളുകളെ റോഡ് മാർഗം എത്തിക്കാനുള്ള ബദൽ നീക്കങ്ങൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളായ ഖഷാം, അബു മൂസ ഐലണ്ട്, കൊണറാക്ക്, ബന്ദർ അബ്ബാസ്, ചബഹാർ, ജാസക്, ഇറാൻ ഷെഹർ എന്നിവിടങ്ങളിലെല്ലാം യുഎസ് ആക്രമണത്തിൽ വലിയ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇറാനിലും അയല്‍രാജ്യമായ ഇറാഖിലുമായി ദശലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്ത, ദിവസങ്ങള്‍ നീണ്ട വിലാപയാത്രകള്‍ക്ക് ശേഷമാണ് ഖമേനിയുടെ മൃതദേഹം മഷാദില്‍ എത്തിച്ചത്. ഇറാഖിലെ പുണ്യനഗരങ്ങളായ നജാഫ്, കര്‍ബല എന്നിവിടങ്ങളിലെ വിലാപയാത്രയ്ക്ക് ശേഷം മൃതദേഹം ഇന്ന് ഇറാനിലെ ഏറ്റവും ആദരിക്കപ്പെടുന്ന ആരാധനാലയമായ ‘ഇമാം റെസ’ മസ്ജിദില്‍ സംസ്കരിക്കാനിരിക്കെയാണ് ചടങ്ങുകളുടെ അവസാന ദിനമായ ഇന്ന് യുഎസ് ഇറാനില്‍ വീണ്ടും ശക്തമായ ആക്രമണം അഴിച്ചുവിട്ടത്. ഇത് വലിയ അന്താരാഷ്ട്ര ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
അതേസമയം, ഹോര്‍മുസ് കടലിടുക്കിൽ കപ്പലുകള്‍ക്കു നേരെ ഇറാന്‍ നടത്തിയ ആക്രമണത്തിന് ആനുപാതികമായി നൽകിയ തിരിച്ചടിയാണ് ഈ വ്യോമാക്രമണമെന്നാണ് യുഎസ് നൽകുന്ന ഔദ്യോഗിക വിശദീകരണം. ഇറാന്‍ ഇനിയും അന്താരാഷ്ട്ര കപ്പലുകളെ ആക്രമിക്കുന്നത് തുടരുകയാണെങ്കിൽ ഇതിലും വലിയ പ്രത്യാഘാതം ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മേഖലയിൽ വീണ്ടുമൊരു യുദ്ധസാഹചര്യമാണ് നിലവിൽ രൂപപ്പെട്ടിരിക്കുന്നത്.