158 പേർ വേണ്ടയിടത്ത് ഉള്ളത് 127 അറ്റൻഡർമാർ മാത്രം; പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ ക്ഷാമത്തിൽ…



പേരൂർക്കട മാനസിക ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ ക്ഷാമവും വികസന മുരടിപ്പും അത്യന്തം ആശങ്കാജനകമാണെന്ന് ഹൈക്കോടതി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ബെഞ്ചാണ് ആശുപത്രിയിൽ നേരിട്ടെത്തി സാഹചര്യം വിലയിരുത്തിയത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കെട്ടിട നിർമാണം പാതിവഴിയിൽ നിലച്ചതും രോഗികളുടെ പരിപാലനത്തെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. 158 അറ്റൻഡർമാർ വേണ്ട സ്ഥാനത്ത് നിലവിൽ 127 പേർ മാത്രമാണുള്ളത്.
പാചകത്തൊഴിലാളികളോ ആവശ്യത്തിന് സുരക്ഷാ ജീവനക്കാരോ ഇവിടെയില്ല. പാചകമടക്കമുള്ള ജോലികൾ ചെയ്യുന്നത് അറ്റൻഡർമാർ തന്നെയാണ്.

മാനസികബുദ്ധിമുട്ട് നേരിടുന്നവരുടെ പ്രതിസന്ധികൾ നേരിട്ട് കണ്ട് കോടതി വിലയിരുത്തി. സാധാരണ മനുഷ്യരെപോലെ അവർക്ക് സങ്കടങ്ങൾ പുറത്ത് പറയാൻ പറ്റില്ലെന്നും കൗൺസിലിങ് അടക്കം നൽകി അവരെ സമൂഹവും കുടുംബവുമായി ഒന്ന് ചേരാൻ അവസരം ഒരുക്കണം, അറ്റൻഡ‍ർ, പാചകത്തൊഴിലാളി, സുരക്ഷ ഉദ്യോഗസ്ഥർ എന്നീ പോസ്റ്റുകളിലെ നിയമനത്തിൽ സർക്കാർ സത്യവാങ്മൂലം നൽകണം എന്ന് കോടതി ആവശ്യപ്പെട്ടു. കൂടാതെ നല്ല മാറ്റത്തിനായി കോടതിക്ക് കഴിയുന്നത് ചെയ്യും എന്നും വ്യക്തമാക്കി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ബസന്ത് ബാലാജി എന്നിവരാണ് പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ നേരിട്ടെത്തി സന്ദർശനം നടത്തിയത്

أحدث أقدم