കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത് പ്രവാസി യുവതി. യുവതിയുടെ പ്രസവ വിവരം വീട്ടുകാർക്ക് അറിയില്ലായിരുന്നു. സുഹൃത്തിന്റെ സഹായത്തിലാണ് യുവതി കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയത്. സുഹൃത്താണ് സഹായിയെ സംഘടിപ്പിച്ചത്.

സഹായിയുടെ കയ്യിൽ കുഞ്ഞിനെ ഏൽപ്പിച്ച ശേഷം യുവതി ആശുപത്രിയിൽ നിന്ന് മുങ്ങുകയായിരുന്നു. പത്തനംതിട്ട സീതത്തോട് സ്വദേശിനിയായ യുവതിയെ കണ്ടെത്തി കോഴിക്കോട് കൊണ്ടുവരുകയാണ്. മെഡിക്കൽ കോളേജിൽ നൽകിയ വിലാസം തെറ്റായിരുന്നു. വയനാട് സ്വദേശിയാണെന്ന് ആശുപത്രിയിൽ അറിയിച്ചിരുന്നു. എട്ടാം തീയതിയാണ് യുവതി മെഡിക്കൽ കോളേജിലെത്തിയത്. 12ാം തീയതി ആശുപത്രിയിൽ നിന്നും പോയിരുന്നു. യുവതിയുമായി അടുപ്പമുള്ള സ്ത്രീയാണ് ആശുപത്രിയിൽ കൂട്ട് നിന്നിരുന്നത്. കുഞ്ഞിന് അസുഖമെന്ന് പറഞ്ഞ് വീണ്ടും വിളിച്ചു വരുത്തിയ ശേഷം കുഞ്ഞിനെ ആ സ്ത്രീയെ ഏൽപ്പിച്ച് അമ്മ മുങ്ങുകയായിരുന്നു. കുഞ്ഞിനെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.