ഇൻസ്റ്റഗ്രാം പ്രണയം കെണിയായി… യുവാവിനെ വിളിച്ചുവരുത്തി 4 പവന്റെ മാലയും ഫോണും കവർന്ന യുവതി പിടിയിൽ


 

        

തൃശൂർ: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് പ്രണയത്തിലായ യുവാവിനെ നേരിട്ട് കാണാനെന്ന വ്യാജേന വിളിച്ചുവരുത്തി പീച്ചി ഡാം പരിസരത്ത് വെച്ച് കബളിപ്പിക്കുകയും, നാല് പവന്റെ സ്വർണ്ണമാലയും മൊബൈൽ ഫോണും തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതിയായ യുവതി അറസ്റ്റിൽ. തൃശൂർ പാവറട്ടി വെങ്കിടങ്ങ് പണ്ടാറമേട് എടക്കാട് വീട്ടിൽ ഹമിഷദാസ് (25) നെയാണ് പീച്ചി പോലീസ് അതിവിദഗ്ദ്ധമായി പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ വരും ദിവസങ്ങളിലേക്ക് റിമാൻഡ് ചെയ്തു.

കഴിഞ്ഞ ജൂൺ 26-നായിരുന്നു നാടിനെ നടുക്കിയ കേസിനാസ്പദമായ ഈ സംഭവം അരങ്ങേറുന്നത്. ചേലക്കര സ്വദേശിയായ യുവാവിനെയാണ് യുവതി കെണിയിൽപ്പെടുത്തിയത്. യുവാവിനെ ഇൻസ്റ്റഗ്രാം വഴിയാണ് ഹമിഷദാസ് ആദ്യം പരിചയപ്പെടുന്നത്. തുടർന്ന് പ്രണയം നടിക്കുകയും പീച്ചി ഡാമിൽ വെച്ച് നേരിട്ട് കാണാമെന്ന് പറഞ്ഞ് തന്ത്രപൂർവ്വം വിളിച്ചുവരുത്തുകയുമായിരുന്നു. ഡാമിന്റെ പാർക്കിങ് ഏരിയയിൽ എത്തിയതിന് ശേഷം ഇരുവരും സംസാരിക്കുന്നതിനിടെ, യുവാവിന്റെ കഴുത്തിൽ കിടന്നിരുന്ന നാല് പവൻ തൂക്കം വരുന്ന സ്വർണ്ണമാല യുവതി ഊരി വാങ്ങി സ്വന്തം കഴുത്തിൽ ധരിച്ചു. മാല തിരികെ ചോദിച്ച് യുവാവ് എതിർത്തതോടെ യുവതിയുടെ ഭാവം മാറി. മാല തന്നില്ലെങ്കിൽ താൻ ഉറക്കെ ബഹളം വെച്ച് നാട്ടുകാരെ കൂട്ടുമെന്നും യുവാവ് തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന് കള്ളം പറയുമെന്നും ഭീഷണിപ്പെടുത്തി. ഇതിനിടെ യുവതി യുവാവിന്റെ സ്വകാര്യ ഭാഗങ്ങളിൽ കടിച്ചു കടുത്ത രീതിയിൽ പരിക്കേൽപ്പിച്ചതായും പോലീസിന് നൽകിയ പരാതിയിൽ പറയുന്നുണ്ട്. തുടർന്ന് യുവാവിന്റെ കൈവശമുണ്ടായിരുന്ന വിലകൂടിയ മൊബൈൽ ഫോണും ബലമായി കൈക്കലാക്കി യുവതി സംഭവസ്ഥലത്തുനിന്ന് മുങ്ങുകയായിരുന്നു.

ആക്രമണത്തിനും കവർച്ചയ്ക്കും ഇരയായ യുവാവ് പീച്ചി പോലീസിൽ ഔദ്യോഗികമായി പരാതി നൽകിയതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഒളിവിൽ പോയ യുവതിക്കായി പീച്ചി പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ ശാസ്ത്രീയ അന്വേഷണം നടത്തി. തുടർന്ന് യുവതിയുടെ മൊബൈൽ ടവർ ലൊക്കേഷൻ എറണാകുളത്തെ കടവന്ത്രയിലുണ്ടെന്ന് വ്യക്തമാവുകയായിരുന്നു. ഉടൻ തന്നെ കടവന്ത്രയിലെ ഒളിത്താവളത്തിലെത്തിയ തൃശൂർ പോലീസ് അന്വേഷണ സംഘം പ്രതിയായ ഹമിഷദാസിനെ അതിവിദഗ്ദ്ധമായി വലയിലാക്കുകയായിരുന്നു. യുവതി സമാനമായ രീതിയിൽ മറ്റ് ആരെയെങ്കിലും കബളിപ്പിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.


أحدث أقدم