
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ 66-കാരനെ ചിറ്റാർ പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാർ ഫാക്ടറിപ്പടി സ്വദേശി ഫിലിപ്പ് എന്നറിയപ്പെടുന്ന ഫിലിപ്പോസ് (66) ആണ് പിടിയിലായത്. രണ്ട് മാസം മുൻപ് സ്കൂൾ വേനലവധി കാലത്താണ് സംഭവം നടന്നത്. കൈതച്ചക്ക തോട്ടത്തിലൂടെ നടന്നുപോകുകയായിരുന്ന കുട്ടിയെ പ്രതി കാലിൽ പിടിച്ച് നിലത്തിട്ട് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പൊലീസ് പറയുന്നത്. സംഭവം കുട്ടി രക്ഷിതാക്കളെ അറിയിച്ചതോടെയാണ് പുറത്തറിയുന്നത്. തുടർന്ന് രക്ഷിതാക്കൾ പത്തനംതിട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിക്കുകയായിരുന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ നിന്ന് ലഭിച്ച അറിയിപ്പിന്റെ അടിസ്ഥാനത്തിൽ ചിറ്റാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റിന് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തതായി പൊലീസ് അറിയിച്ചു.