പോലീസുകാർ ഫോട്ടോ എടുത്തെന്നാരോപിച്ച് അക്രമം; ഹൈവേ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡിന്റെ….


കോഴിക്കോട്: ഹൈവേ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോൺ ബലമായി തട്ടിപ്പറിച്ച് റോഡിലെറിഞ്ഞ് നശിപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. താമരശ്ശേരി തച്ചംപൊയിൽ സ്വദേശിയായ ഷാഹിദ് അലി (42) യെയാണ് ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ബാലുശ്ശേരി പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് പി. ദിനേഷ്, ഹൈവേ പോലീസിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ സനോജ് കുമാർ എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.

ഇന്നലെ രാവിലെ 11 മണിയോടെ ചീനിമുക്ക് ഭാഗത്ത് വെച്ചായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഹൈവേ പട്രോളിങ് സംഘം വാഹനം നിർത്തി ഡ്രൈവർ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയം അവിടെയെത്തിയ ഷാഹിദ് അലി പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ അസഭ്യവർഷം നടത്തുകയും തുടർന്ന് വാഹനത്തിന്റെ പിൻസീറ്റിൽ ഇരിക്കുകയായിരുന്ന ഹോം ഗാർഡ് ദിനേഷിന്റെ കയ്യിലുണ്ടായിരുന്ന 25,000 രൂപ വിലവരുന്ന മൊബൈൽ ഫോൺ ബലമായി പിടിച്ചുവാങ്ങി റോഡിലെറിഞ്ഞ് പൊട്ടിക്കുകയുമായിരുന്നു എന്ന് പരാതിയിൽ പറയുന്നു.

ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന തന്റെ ഫോട്ടോ പോലീസുകാർ മൊബൈൽ ഫോണിൽ പകർത്തി എന്നാരോപിച്ചാണ് ഷാഹിദ് അലി പോലീസ് വാഹനത്തിന് അരികിലെത്തി അതിക്രമം കാണിച്ചതെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ബാലുശ്ശേരി പോലീസ് പ്രതിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Previous Post Next Post