ഉഷ്ണതരംഗത്തിനിടെ ജർമനിയെ ഭീതിയിലാഴ്ത്തി ആലിപ്പഴ വീഴ്ചയും പ്രളയവും; വൻ നാശനഷ്ടം... പ്രവാസികൾക്ക് മുന്നറിയിപ്പ്



ബർലിൻ:  കടുത്ത വേനൽച്ചൂടിൽ വെന്തുരുകുന്നതിനിടെ ജർമനിയുടെ വടക്കൻ -കിഴക്കൻ സംസ്ഥാനങ്ങളെ ഭീതിയിലാഴ്ത്തി കടുത്ത പ്രകൃതിക്ഷോഭം. തിങ്കളാഴ്ച രാത്രിയോടെ ആരംഭിച്ച ശക്തമായ കാറ്റിലും മഴയിലും ആലിപ്പഴ വർഷത്തിലും ജർമനിയിൽ വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പലയിടങ്ങളിലും ഗോൾഫ് ബോളിന്റെ വലിപ്പത്തിലുള്ള കൂറ്റൻ ആലിപ്പഴങ്ങളാണ് പതിച്ചത്.

ആലിപ്പഴ വീഴ്ചയിൽ വീടുകളുടെ മേൽക്കൂരകൾ തകരുകയും റോഡിൽ നിർത്തിയിട്ടിരുന്ന നൂറുകണക്കിന് കാറുകളുടെ ചില്ലുകൾ തകരുകയും ചെയ്തു. വടക്കൻ ജർമനിയിലെ പല നഗരങ്ങളും മിനിറ്റുകൾക്കകം പ്രളയത്തിലാവുകയും പൂർണമായും മഞ്ഞുമൂടിയ അവസ്ഥയിലാവുകയും ചെയ്‌. പലയിടങ്ങളിലും റോഡിലെ ഐസ് കട്ടകൾ നീക്കം ചെയ്യാൻ ബുൾഡോസറുകൾ ഇറക്കേണ്ടി വന്നു.

നോർത്ത് റൈൻ-വെസ്റ്റ്ഫാലിയയിൽ ശക്തമായ മിന്നലേറ്റതിനെ തുടർന്ന് ഒരു വീടിന്റെ മേൽക്കൂരയ്ക്ക് തീപിടിച്ചു. ബ്ലെസ്വിഗ് -ഹോൾസ്റ്റൈനിലെ എൽംഷോൺ, കെല്ലിങ്ഹുസെൻ എന്നീ നഗരങ്ങൾ പൂർണമായും വെള്ളത്തിനടിയിലായി. പ്രളയത്തിൽ കുടുങ്ങിയ ആളുകളെ രക്ഷിക്കാൻ പോയ പൊലീസ് വാഹനം വരെ വെള്ളത്തിൽ മുങ്ങി.

പ്രിന്റ്റിങ് പ്രസ്സ് തകർന്നു; പത്ര വിതരണം മുടങ്ങി മെക്ലെൻബർഗ്-ഫോർ പോമേൻ സംസ്ഥാനത്തെ വിറ്റൻബർഗ് നഗരത്തിൽ നിന്നുള്ള ദൃശ്യങ്ങൾ ഞെട്ടിക്കുന്നതായിരുന്നു. ഇവിടുത്തെ പ്രമുഖ പ്രിന്റിങ് പ്രസിൽ ആലിപ്പഴം വീണ് മേൽക്കൂര തകരുകയും, മഴവെള്ളം കയറി അച്ചടി യന്ത്രങ്ങൾ കേടാവുകയും ചെയ്തു. ഇതേതുടർന്ന് "Schweriner Volkszeitung പ്രമുഖ പ്രാദേശിക പത്രങ്ങളുടെ അച്ചടി തടസ്സപ്പെടുകയും വിതരണം പൂർണമായി മുടങ്ങുകയും ചെയ്തു. പിന്നീട് മറ്റൊരു നഗരത്തിലെ പ്രസിലാണ് ഈ പത്രങ്ങൾ അച്ചടിച്ചത്.

ഇന്നും കനത്ത ജാഗ്രത; പ്രവാസികൾക്ക് ഇൻഷുറൻസ് മുന്നറിയിപ്പ് ജർമൻ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം (DWD) ഇന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ബാഡൻ -വ്യൂർട്ടൻബർഗ്, ബ്രാൻഡൻബർഗ്, ബർലിൻ, മാഗ്ഡെബുർഗ്, എർഫുർട്ട് എന്നീ മേഖലകളിൽ മണിക്കൂറിൽ 75 കിലോമീറ്റർ വേഗതയിലുള്ള കാറ്റിനും മഴക്കും സാധ്യതയുണ്ട്. അതേസമയം തെക്കൻ ഭാഗങ്ങളിലും റൈൻലാൻഡ്-പാലാറ്റിനേറ്റിലും 30 ഡിഗ്രിക്ക് മുകളിൽ കടുത്ത ഉഷ്ണതരംഗവും നിലനിൽക്കുന്നു
أحدث أقدم