കണ്ണൂർ: മട്ടന്നൂർ പോളി ടെക്നിക് കോളേജിൽ നടന്ന പരീക്ഷയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ച സംഭവത്തിൽ കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ അറസ്റ്റിലായി. പൈവളിഗെ സ്വദേശി എസ്. ജനാർദന ആണ് പോലീസിന്റെ പിടിയിലായത്. മട്ടന്നൂർ പോളി ടെക്നിക് കോളജിൽ നടന്ന കേരള ഗവൺമെന്റ് എക്സാമിനേഷൻ പരീക്ഷയ്ക്കിടെയായിരുന്നു സംഭവം. കെഎസ്ഇബിയിലെ താൽക്കാലിക ജീവനക്കാരനായ ജനാർദന തന്റെ നിയമനം സ്ഥിരമാകണമെങ്കിൽ ഈ പരീക്ഷ ജയിക്കണമായിരുന്നു.
ഇതിനായി ഇയാൾ പരീക്ഷാഹാളിൽ മൊബൈൽ ഫോൺ ഒളിച്ചുകടത്തുകയും കോപ്പിയടിക്കാൻ ശ്രമിക്കുകയുമായിരുന്നു. ജനാർദന മുൻപ് പരിശീലന ക്ലാസിന് പോയ സ്ഥാപനത്തിലെ അധ്യാപകനാണ് പരീക്ഷാ സമയത്ത് ഇയാൾക്ക് മൊബൈൽ ഫോണിലൂടെ ഉത്തരങ്ങൾ പറഞ്ഞു നൽകിയത്. പരീക്ഷാഹാളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അധികൃതർ ഫോൺ കണ്ടെത്തുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് മട്ടന്നൂർ പോലീസ് എത്തി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തിന് പിന്നാലെ ഫോണിലൂടെ ഉത്തരങ്ങൾ നൽകി സഹായിച്ച അധ്യാപകൻ ഒളിവിൽ പോയിരിക്കുകയാണ്. ഇയാൾക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.