തിരുവനന്തപുരം: പ്രിയദർശിനി പദ്ധതി മൂലമുള്ള സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സ്വകാര്യ ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ പ്രഖ്യാപിച്ചിരുന്ന സെക്രട്ടറിയേറ്റ് മാർച്ചും ധർണയും മാറ്റിവെച്ചു. ജൂലൈ 20 മുതൽ ജൂലൈ 25 വരെയുള്ള ഒരാഴ്ചക്കാലം നടത്താനിരുന്ന പ്രതിഷേധ പരിപാടികളാണ് മാറ്റിവെച്ചതെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ സ്റ്റിയറിങ് കമ്മറ്റി അറിയിച്ചു. കഴിഞ്ഞ ദിവസം ഗതാഗതമന്ത്രിയുമായി നടത്തിയ ഔദ്യോഗിക ചർച്ചയിലെ ഉറപ്പുകളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.


ബസ് വ്യവസായം നേരിടുന്ന പ്രയാസങ്ങൾ പഠിച്ച് സർക്കാരിന് റിപ്പോർട്ട് നൽകുന്നതിനായി അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആറ് ആഴ്ചയ്ക്കുള്ളിൽ സമിതിയിൽ നിന്ന് റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക്, ‘പ്രിയദർശിനി’ പദ്ധതി കാരണം ദുരിതമനുഭവിക്കുന്ന ബസുടമകളെ സഹായിക്കുന്ന അനുകൂല തീരുമാനം സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് ഗതാഗത മന്ത്രി ഉറപ്പ് നൽകി. എന്നാൽ, മന്ത്രി നൽകിയ ഉറപ്പ് നിശ്ചയിച്ച കാലാവധിക്കുള്ളിൽ നടപ്പിലാക്കിയില്ലെങ്കിൽ സർവീസ് പൂർണ്ണമായി നിർത്തിവെച്ചുകൊണ്ട് അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിക്കുമെന്നും ഫെഡറേഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തുടക്കത്തിൽ ജൂലൈ 20 ന് കോട്ടയം, പത്തനംതിട്ട, മലപ്പുറം, കാസർകോഡ് എന്നീ നാല് ജില്ലാ അസോസിയേഷനുകളും, തുടർന്നുള്ള അഞ്ച് ദിവസങ്ങളിൽ രണ്ട് വീതം ജില്ലാ അസോസിയേഷനുകളും ധർണ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ബസുടമകളുടെ പ്രധാന ആവശ്യങ്ങൾ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിന് വരുമാന പരിധി നിശ്ചയിക്കണം. ഒരു ദിവസം രണ്ട് യാത്രകൾ മാത്രം അനുവദിക്കുന്ന വിധത്തിലുള്ള കാർഡുകൾ വിതരണം ചെയ്തുകൊണ്ടായിരിക്കണം സൗജന്യ യാത്ര അനുവദിക്കേണ്ടത്. കെ.എസ്.ആർ.ടി.സി ബസുകൾക്കും സ്വകാര്യ ബസുകളെപ്പോലെ സമയ ക്ലിപ്തത (ടൈം ഷെഡ്യൂൾ) ഉറപ്പുവരുത്തണം. പ്രിയദർശിനി പദ്ധതി മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്വകാര്യ ബസ് വ്യവസായത്തെ അടിയന്തരമായി സംരക്ഷിക്കണമെന്നും സ്റ്റിയറിങ് കമ്മറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു