'എട്ടുകാലി മമ്മൂഞ്ഞ് ആകരുത്, ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്ക് വേണം'




കേരളത്തിലെ കപ്പല്‍ നിര്‍ണാണത്തില്‍ ടാറ്റയുടെ നിക്ഷേപവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി പി രാജീവ്. മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞായി മാറരുത്. ഒരു മുഖ്യമന്ത്രിയുടെ പ്രസ്താവന പരസ്യമായി തള്ളിപ്പറയേണ്ട അവസ്ഥ ടാറ്റയുടെ ചരിത്രത്തില്‍ ആദ്യമാണ്. മുഖ്യമന്ത്രി സതീശന്‍ കുറച്ചെങ്കിലും സത്യസന്ധത കാണിക്കണമെന്നും പി രാജീവ് ആവശ്യപ്പെട്ടു.

”മുഖ്യമന്ത്രി അല്‍പ്പം സത്യസന്ധത കാണിക്കേണ്ടേ? കഴിഞ്ഞ സര്‍ക്കാര്‍ ഇങ്ങനെ തുടങ്ങിയിട്ടുണ്ട്, അത് ഞങ്ങള്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകും, ഞങ്ങളും അവരും നമ്മളും ഒന്നിച്ച് മുന്നോട്ടു കൊണ്ടുപോയി നമുക്ക് ഈ പദ്ധതി യാഥാര്‍ഥ്യമാക്കണം എന്നല്ലേ ഒരു മുഖ്യമന്ത്രി പറയേണ്ടത്? അതിനുപകരം എട്ടുകാലി മമ്മൂഞ്ഞായിട്ട് മാറേണ്ടതുണ്ടോ?”.പി രാജീവ് കൊച്ചിയില്‍ പറഞ്ഞു.

കൊച്ചിൻ പോർട്ടിൽ കപ്പൽ നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള പദ്ധതി 2025ൽ ഇൻവെസ്റ്റ് കേരളയിൽ ഉണ്ടായതാണ്. മലബാർ സിമന്റ്സ് ലിമിറ്റഡും, ടാറ്റാ പ്രോജക്ട്സ് ഗ്രൂപ്പിന്റെ ഭാഗമായ ആർട്സൺ എഞ്ചിനീയറിംഗ് ലിമിറ്റഡും തമ്മിൽ ധാരാണാപത്രത്തിൽ ഒപ്പുവെക്കുന്നത് മാധ്യമങ്ങൾ അന്നേ വാർത്തയാക്കിയതാണ്. ഭരണഘടനാ സ്ഥാനത്തിരിക്കുന്ന ഒരാൾ സംസാരിക്കുമ്പോൾ ആധികാരികമായിരിക്കണം. ഇത്തരം പ്രസ്താവനകളിലൂടെ മുഖ്യമന്ത്രിയുടെ വിശ്വാസ്യതയല്ല നഷ്ടപ്പെടുന്നത്, കേരളത്തിന്റെതാണെന്നും പി രാജീവ് പറഞ്ഞു.
Previous Post Next Post