മധ്യപ്രദേശ് സ്വദേശി ചന്ദ്രബാൻ പാൽ, ബിഹാർ സ്വദേശി ബികാസ് കുമാർ സിങ്, ഝാർഖണ്ഡ് സ്വദേശി അൻമോൽ ദൊഡരായ് എന്നിവരുടെ മൃതദേഹങ്ങളാണ് നേരത്തെ കണ്ടെത്തിയിരുന്നത്. അതേസമയം, കൺസ്ട്രക്ഷൻ മാനേജർ വിക്രം റാണ, സർവേയർ രാകേഷ് ഗുച്ചൈത് എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇന്ന് ലഭിച്ച തിരിച്ചറിയാത്ത മൃതദേഹം ഇവരിൽ ഒരാളുടേതാകാമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ഇന്ന് രാവിലെ ആരംഭിച്ച തിരച്ചിലിലാണ് ആദ്യമായി സോൺ ഒന്നിൽ നിന്ന് മുഹമ്മദ് ഇമ്രാന്റെയും രാഹുൽ ശർമയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ പുഴയോട് ചേർന്നുള്ള മൂന്നാം സോണിൽ നിന്നാണ് അസ്ഹറുദ്ദീൻ അൻസാരിയുടെ മൃതദേഹം ലഭിച്ചത്. നിർമാണ ജോലിയുടെ ഭാഗമായി സർവേയറായി പ്രവർത്തിച്ചുവരികയായിരുന്നു അസ്ഹറുദ്ദീൻ.
ദുരന്തമേഖലയിലെ പുഴ കേന്ദ്രീകരിച്ചുള്ള പരിശോധനയാണ് ഇപ്പോൾ കൂടുതൽ ശക്തമാക്കിയിരിക്കുന്നത്. പുഴയിൽ വീണുകിടന്ന ബസും മറ്റ് വാഹനങ്ങളുടെ ഭാഗങ്ങളും നീക്കം ചെയ്തതോടെ ജലനിരപ്പ് കുറഞ്ഞതും വെള്ളം തെളിഞ്ഞതും തിരച്ചിലിന് സഹായകരമായി.
എൻഡിആർഎഫിന്റെ രണ്ട് ടീമുകൾക്കൊപ്പം ഫയർഫോഴ്സ്, പോലീസ്, സിവിൽ ഡിഫൻസ്, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ പ്രവർത്തനം പുരോഗമിക്കുന്നത്. കാണാതായവരെ കണ്ടെത്തുന്നതിനായി കഡാവർ ഡോഗുകളെയും പരിശോധനയ്ക്കായി ഉപയോഗിക്കുന്നുണ്ട്.
നിലവിൽ കാലാവസ്ഥ അനുകൂലമാണെന്നും കൂടുതൽ മേഖലകളിൽ വിശദമായ പരിശോധന തുടരുകയാണെന്നും അധികൃതർ അറിയിച്ചു. കാണാതായ അവസാന വ്യക്തികളെയും കണ്ടെത്തുന്നതുവരെ തിരച്ചിൽ തുടരുമെന്നാണ് രക്ഷാപ്രവർത്തക സംഘങ്ങളുടെ നിലപാട്.