കോഴിക്കോട്–പാലക്കാട് റൂട്ടിലോടുന്ന പ്രിയദർശിനി ബസിൽ രണ്ട് യാത്രക്കാരികളിൽ നിന്ന് സ്വർണമാലകൾ മോഷണം പോയതായി പരാതി. ബസിലെ തിരക്ക് മുതലെടുത്താണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. ഒരു യാത്രക്കാരിയുടെ രണ്ട് പവൻ വരുന്ന സ്വർണമാലയും, പെരിന്തൽമണ്ണയിൽ നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്ത മറ്റൊരു സ്ത്രീയുടെ മൂന്ന് പവൻ തൂക്കമുള്ള താലിമാലയുമാണ് നഷ്ടമായത്. പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് പരിശോധന നടത്തിയെങ്കിലും മോഷ്ടിക്കപ്പെട്ട ആഭരണങ്ങൾ കണ്ടെത്താനായില്ല.

രണ്ട് സംഭവങ്ങളിലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബസിലെ യാത്രക്കാരിൽ നിന്നും ജീവനക്കാരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നതിനൊപ്പം, സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകളും പൊലീസ് പരിശോധിച്ചുവരികയാണ്. അതേസമയം, കഴിഞ്ഞ ആഴ്ചയും പ്രിയദർശിനി ബസിൽ സമാനമായ മോഷണ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. കോഴിക്കോട്–തിരുവമ്പാടി റൂട്ടിൽ സർവീസ് നടത്തുന്ന ബസിൽ യാത്ര ചെയ്തിരുന്ന ഒരു അതിഥി തൊഴിലാളിയുടെ 15,000 മോഷണം പോയിരുന്നു. ബസ് കുന്ദമംഗലത്ത് എത്തിയപ്പോഴാണ് പണം നഷ്ടമായ വിവരം യാത്രക്കാരൻ തിരിച്ചറിഞ്ഞത്. ഉടൻ കണ്ടക്ടറെ വിവരം അറിയിച്ചതിനെ തുടർന്ന് ബസ് കുന്ദമംഗലം പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. തുടർന്ന് എല്ലാ യാത്രക്കാരെയും ഇറക്കി ബാഗുകളും പോക്കറ്റുകളും ഉൾപ്പെടെ വിശദമായി പരിശോധിച്ചെങ്കിലും പണം കണ്ടെത്താനായില്ല. തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന മോഷണ സംഭവങ്ങൾ യാത്രക്കാരിൽ ആശങ്ക ഉയർത്തിയിരിക്കുകയാണ്. സംഭവങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.