
കോട്ടയം: ജില്ലയിലെ കൂരോപ്പട മറ്റപ്പള്ളിയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം കൂട്ടത്തോടെ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ അമ്മയും മകളും മരണത്തിന് കീഴടങ്ങി. മറ്റപ്പള്ളി സ്വദേശികളായ ജോസ്ന, മകൾ മരിയ തെരേസ എന്നിവരാണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ജോസ്നയുടെ ഭർത്താവ് തോമസ് എബ്രഹാം, മകൻ അലൻ എന്നിവർ നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. ഇവരുടെ ആരോഗ്യനിലയിൽ നിലവിൽ മാറ്റമില്ലാതെ തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കടുത്ത സാമ്പത്തിക ബാധ്യതകളെ തുടർന്നാണ് ഈ കുടുംബം കൂട്ടത്തോടെ ആത്മഹത്യാശ്രമം നടത്തിയത്. ചിട്ടിയുമായി ഉണ്ടായ പ്രശ്നങ്ങൾ ആണ് ആത്മത്യക്ക് പിന്നിലെന്ന് പറയപ്പെടുന്നു വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തിയ നാല് പേരെയും ഒരാഴ്ച മുൻപാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ദ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ തീവ്രപരിചരണം നൽകി വരികയായിരുന്നുവെങ്കിലും അമ്മയും മകളും മരണത്തിന് കീഴടങ്ങുകയായിരുന്നു. മരണപ്പെട്ട ജോസ്നയുടെയും മരിയ തെരേസയുടെയും മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം നടത്തിവരികയാണ്