
തൃശൂർ: മണ്ണുത്തിയിൽ ഗൃഹനാഥനെ ക്രൂരമായി മർദ്ദിച്ച് ബന്ദിയാക്കി 47 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കവർച്ചയുടെ മാസ്റ്റർമൈൻഡും അന്തർസംസ്ഥാന കൊള്ളസംഘത്തിലെ പ്രധാനിയുമായ രാജസ്ഥാൻ സ്വദേശി സൂരജ് പവാറാണ് പിടിയിലായത്. രാജസ്ഥാനിലെ ചിറ്റോർഗഡ് മാന്ദ്ഫിയ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് തൃശൂർ സിറ്റി ഷാഡോ പൊലീസും മണ്ണുത്തി പൊലീസും ചേർന്ന് ഇയാളെ സാഹസികമായി പിടികൂടിയത്. കവർച്ച ചെയ്യപ്പെട്ട മുതലിൽ 26 പവൻ സ്വർണ്ണാഭരണങ്ങളും പണവും ഇയാളിൽ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
രാജസ്ഥാനിലെ അതിശക്തമായ സുരക്ഷയുള്ള ‘തിരുട്ട് ഗ്രാമത്തിൽ’ ഒളിച്ചു താമസിക്കുകയായിരുന്നു പ്രതി. രണ്ടു ദിവസം നീണ്ട അതീവ രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് കേരള പൊലീസ് സംഘം ഇയാളെ വലയിലാക്കിയത്. മധ്യപ്രദേശിലെ സിഹോർ ഗ്രാമത്തിൽ ജനിച്ച സൂരജ് പവാറിന് മധ്യപ്രദേശ്, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളിലായി നിരവധി മോഷണ, കവർച്ചാ കേസുകൾ നിലവിലുണ്ട്.