വടക്കേക്കാട് സ്റ്റേഷനിലെ സിപിഒമാരായ ബൈജു, സിനീഷ്, പ്രവീണ്‍, അഖില്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പുന്നയൂർക്കുളം ചെമ്മണ്ണൂർ സ്വദേശി മുഹമ്മദ് ഷിഫാൻ (30) കെെവിലങ്ങുമായി ഓടി രക്ഷപ്പെട്ടത്. ഇയാളെ മെഡിക്കല്‍ പരിശോധനക്കായി ചൊവ്വാഴ്ച പകല്‍ മൂന്ന് മണിയോടെ വടക്കേക്കാട് ഹെല്‍ത്ത് സെന്ററിലേക്ക് എത്തിച്ചിരുന്നു. ഇരുകൈകളിലും ബന്ധിപ്പിച്ച വിലങ്ങ് ഒരു കൈയിലേക്ക് മാറ്റിയ സമയത്തായിരുന്നു പ്രതി രക്ഷപ്പെട്ടതെന്നാണ് വിവരം.
രണ്ടാഴ്ച മുൻപ് പുന്നയൂർക്കുളം ബാറിന് മുന്നിലുണ്ടായ അടിപിടിയില്‍ വടക്കേക്കാട് മുരിയന്തടം സ്വദേശി വിഷ്‌ണു യാദവിന് (24) ചെവിയിലും തലയിലും വെട്ടി പരിക്കേല്പിച്ച കേസിലെ പ്രതിയാണ് മുഹമ്മദ് ഷിഫാൻ. കാപ്പകേസ് ഉള്‍പ്പടെ നിരവധി അടിപിടികേസുകളിലും ഇയാള്‍ പ്രതിയാണ്. നാലുദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനായിട്ടില്ല. പ്രതിക്കായി തെരച്ചില്‍ തുടരുകയാണ്.