
മൂവാറ്റുപുഴ: പഠിക്കുന്നതിനിടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ വൈകിയതിന്റെ പേരിൽ ഒൻപതുവയസ്സുള്ള മകളെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അമ്മയ്‌ക്കെതിരെ കേസെടുത്തു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മൂവാറ്റുപുഴ പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ച കുട്ടി തന്റെ പിതാവിനൊപ്പം നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. നിലവിൽ അമ്മയുടെ കൂടെയാണ് കുട്ടി കഴിഞ്ഞിരുന്നത്.
ജൂലൈ 7-ന് രാത്രി ഏഴ് മണിയോടെ പഠിക്കുന്നതിനിടെ അമ്മ ചില ചോദ്യങ്ങൾ ചോദിച്ചുവെന്നും, ചോദ്യങ്ങൾക്ക് വേഗത്തിൽ ഉത്തരം പറയാതിരുന്നതിനാൽ ഇടതു കൈമുട്ടിന് മുകളിൽ കൈ കൊണ്ടും, ഇടതു കാലിന്റെ തുടയിൽ വടി കൊണ്ടും അടിച്ചുവെന്നുമാണ് കുട്ടി നൽകിയ പരാതി. ഇതിന് മുൻപ് മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയത്തും പഠിപ്പിക്കുന്നതിനിടെ അമ്മ കഴുത്തിൽ കുത്തിപ്പിടിച്ച് വേദനിപ്പിച്ചിരുന്നുവെന്നും കുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ പോലീസ്, ക്രിമിനൽ വകുപ്പുകളും കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് അമ്മയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി മൂവാറ്റുപുഴ പോലീസ് അറിയിച്ചു.