യുകെയിൽ വീണ്ടും ഉഷ്ണതരംഗ ഭീഷണി: വാരാന്ത്യം മുതൽ താപനില ഉയരും; മുന്നറിയിപ്പ്...



ലണ്ടൻ യുകെയിൽ വീണ്ടും ഉഷ്ണതരംഗത്തിന് സാധ്യത. ഈ വാരാന്ത്യം മുതൽ താപനില ഉയർന്നു തുടങ്ങും അടുത്തയാഴ്ച‌യുടെ മധ്യത്തോടെ ഇംഗ്ലണ്ടിന്റെ തെക്കൻ, തെക്ക്-കിഴക്കൻ മേഖലകളിൽ 33 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താമെന്നുമാണ് കാലാവസ്ഥാ വിദഗ്ധരുടെ പ്രവചനം. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഈ വർഷത്തെ മൂന്നാമത്തെ ഉഷ്ണതരംഗമായിരിക്കും ഇത്. ജൂൺ അവസാനവാരത്തിൽ അനുഭവപ്പെട്ട റെക്കോർഡ് ചൂടിന്റെ അത്ര തീവ്രത ഇത്തവണ പ്രതീക്ഷിക്കുന്നില്ല. എന്നാൽ ചൂട് കൂടുതൽ ദിവസം നീണ്ടുനിൽക്കാൻ സാധ്യതയുണ്ടെന്നാണ് വിവിധ
 നിരീക്ഷകർ സൂചിപ്പിക്കുന്നത്.
ജൂലൈ മധ്യം വരെ ഉയർന്ന താപനില തുടരാൻ ഇടയുണ്ടെന്നാണ് വിലയിരുത്തൽ. തിങ്കളാഴ്ച മുതൽ ഇംഗ്ലണ്ടിന്റെയും വെയിൽസിന്റെയും ഭൂരിഭാഗം പ്രദേശങ്ങളിലും ചൂട് ശക്‌തമാകും. തെക്കൻ, കിഴക്കൻ ഇംഗ്ലണ്ടിൽ 30 ഡിഗ്രിക്ക് മുകളിലുള്ള താപനില വ്യാപകമായി അനുഭവപ്പെടും.
സൗത്ത് യോർക്ക്ഷെയർ വരെയും 30 ഡിഗ്രിക്ക് സമീപം താപനില ഉയരാൻ സാധ്യതയുണ്ട്.


വടക്കുകിഴക്കൻ ഇംഗ്ലണ്ടിലും കിഴക്കൻ സ്കോട്ട്ലൻഡിലും 25 മുതൽ 28 ഡിഗ്രി സെൽഷ്യസ് വരെയാകും ചൂട്. അതേസമയം ലാങ്കാഷയർ, ലേക്ക് ഡിസ്ട്രിക്‌ട്, പടിഞ്ഞാറൻ സ്കോട്ട്ലൻഡ്, നോർത്തേൺ അയർലൻഡ് തുടങ്ങിയ പ്രദേശങ്ങളിൽ അറ്റ്ലാന്റിക് സമുദ്രത്തിൽനിന്നുള്ള തണുത്ത കാറ്റ് കാരണം താപനില 20 മുതൽ 24 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. പ്രതീക്ഷിക്കുന്ന ചൂടിന്റെ പശ്ചാത്തലത്തിൽ ഈസ്റ്റ് മിഡ്ലാൻഡ്‌സ്, വെസ്റ്റ് മിഡ്ലാൻഡ്സ്, ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട്, ലണ്ടൻ, സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ യെല്ലോ ഹീറ്റ് ഹെൽത്ത് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രായമായവരും കുട്ടികളും ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങളുള്ളവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. അസോർസ് ഹൈ എന്ന ഉയർന്ന അന്തരീക്ഷമർദ മേഖല യുകെയിലേക്ക് വ്യാപിക്കുകയും ജെറ്റ് സ്ട്രീം കൂടുതൽ വടക്കോട്ട് നീങ്ങുകയും ചെയ്യുന്നതാണ് ഈ ചൂടിന് പ്രധാന കാരണം.

'ഇതോടെ അറ്റ്ലാന്റിക്കിൽനിന്നുള്ള മഴമേഘങ്ങൾ രാജ്യത്തേക്ക് എത്തുന്നത് കുറയുകയും തെളിഞ്ഞ ആകാശവും വരണ്ട കാലാവസ്ഥയും ശക്തമായ സൂര്യപ്രകാശവും അനുഭവപ്പെടുകയും ചെയ്യും. യുകെയിൽ ഒരു പ്രദേശത്ത് പ്രാദേശിക താപനില പരിധി തുടർച്ചയായി മൂന്ന് ദിവസമോ അതിലധികമോ മറികടക്കുമ്പോഴാണ് അതിനെ ഔദ്യോഗികമായി ഉഷ്ണതരംഗമായി കണക്കാക്കുന്നത്.
Previous Post Next Post