ടിക്കറ്റ് പിന്നെയാകാം, അച്ചപ്പം വാങ്ങാമോ?… സ്വകാര്യ ബസുകളിൽ പലഹാര വില്പനയുമായി കണ്ടക്ടർമാർ… പത്തനംതിട്ടയിൽ വേറിട്ട പ്രതിഷേധം


പത്തനംതിട്ട: സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന സ്വകാര്യ ബസിലേക്ക് കയറി ഇരിപ്പുറപ്പിച്ച യുവതിയുടെ അടുത്തേക്ക് ടിക്കറ്റ് മെഷീനുമായി വരേണ്ട കണ്ടക്ടർ എത്തിയത് ഒരു പലഹാര പാക്കറ്റുമായിട്ടാണ്! “ടിക്കറ്റ് ഒക്കെ പിന്നെടുക്കാം. 50 രൂപയ്ക്ക് അച്ചപ്പം വാങ്ങാമോ…?” എന്ന ചോദ്യം കേട്ട് യാത്രക്കാർ ആദ്യം ഒന്ന് അമ്പരന്നെങ്കിലും, കൗതുകമുണർത്തുന്ന ഈ കാഴ്ചയ്ക്ക് പിന്നിൽ സ്വകാര്യ ബസ് ജീവനക്കാർ മറച്ചുപിടിക്കുന്ന വലിയൊരു ഉപജീവന പ്രതിസന്ധിയുടെ സങ്കടമുണ്ട്.

കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ സർക്കാർ നടപ്പിലാക്കിയ ‘പ്രിയദർശിനി’ സ്ത്രീ സൗജന്യയാത്ര പദ്ധതിയാണ് സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഇതോടെ പത്തനംതിട്ട പുതിയ സ്വകാര്യ ബസ്സ്റ്റാൻഡിൽ ചിറ്റാർ, റാന്നി റൂട്ടിലോടുന്ന മൂന്ന് ബസുകളിലെ കണ്ടക്ടർമാരാണ് വേറിട്ടതും പ്രതീകാത്മകവുമായ ഈ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ബസിനുള്ളിൽ കയറി ഇവർ അച്ചപ്പവും മുറുക്കും പക്കാവടയുമൊക്കെ വിൽക്കുകയായിരുന്നു. നഷ്ടത്തിലോടുന്ന സ്വകാര്യ ബസുകൾ പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്തണമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ അടുത്തിടെ അഭ്യർത്ഥിച്ചിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് ജീവനക്കാരുടെ ഈ പലഹാര വില്പന. ജീവിക്കണമെങ്കിൽ ഭാവിയിൽ ഇതൊക്കെ സ്ഥിരമായി ചെയ്യേണ്ടിവരുമെന്ന അവസ്ഥയിലാണെന്ന് അവർ പറയുന്നു.

സ്വകാര്യ ബസുകളിൽ യാത്രചെയ്തിരുന്നവരിൽ 60 ശതമാനത്തോളം സ്ത്രീകളായിരുന്നു. പദ്ധതി നിലവിൽവന്ന് 15 ദിവസം പിന്നിടുമ്പോൾ വലിയൊരു ശതമാനം യാത്രക്കാരും കെ.എസ്.ആർ.ടി.സി.യെ ആശ്രയിക്കാൻ തുടങ്ങി. ഇതോടെ 80 ശതമാനത്തോളം സ്വകാര്യ ബസുകൾക്കും ദിവസേനയുള്ള പ്രവർത്തനച്ചെലവിനുള്ള വരുമാനംപോലും ലഭിക്കുന്നില്ല. വരുമാനം കുത്തനെ കുറഞ്ഞതോടെ ജീവനക്കാരുടെ ശമ്പളത്തെയും ഇത് ബാധിച്ചു. ഡ്രൈവർമാർക്ക് പ്രതിദിനം 1100-1200 രൂപ ശമ്പളം നൽകിയിരുന്ന സ്ഥാനത്ത് ഇപ്പോൾ 800-900 രൂപ മാത്രമാണ് ഉടമകൾക്ക് നൽകാൻ സാധിക്കുന്നത്. വരുമാനം ഇല്ലാത്ത സാഹചര്യത്തിൽ നികുതി ഒഴിവാക്കാനായി ജി-ഫോം നൽകി സർവീസ് താൽക്കാലികമായി നിർത്താൻ ആലോചനയുണ്ടായിരുന്നെങ്കിലും പത്തനംതിട്ട ജില്ലയിൽ നിലവിൽ ആരും അതിന് മുതിർന്നിട്ടില്ല. ബസ് കട്ടപ്പുറത്തായാൽ തൊഴിലാളികളുടെ കുടുംബം പട്ടിണിയിലാകുമെന്നതിനാലാണ് നഷ്ടം സഹിച്ചും ഉടമകൾ സർവീസ് തുടരുന്നത്.


തെക്കൻ ജില്ലകളിലാണ് കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകൾ കൂടുതലായി സർവീസ് നടത്തുന്നത്. ഉയർന്ന ശമ്പളം വാങ്ങുന്ന സ്ത്രീ ജീവനക്കാർ ഉൾപ്പെടെയുള്ളവർ ഇപ്പോൾ കെ.എസ്.ആർ.ടി.സി.യെയാണ് ആശ്രയിക്കുന്നത്. യാതൊരു മാനദണ്ഡവുമില്ലാതെ പ്രിയദർശിനി പദ്ധതി കൊണ്ടുവന്നതിൽ സ്വകാര്യ ബസ് ഉടമകൾക്ക് ശക്തമായ എതിർപ്പുണ്ട്. കെ.എസ്.ആർ.ടി.സി. കൂടുതൽ സർവീസ് നടത്തുന്ന റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി. ബസുകളുടെ എണ്ണം ക്രമീകരിക്കണമെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ പ്രധാന ആവശ്യം.

Previous Post Next Post