സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ വൻ കുറവ്, ലോഡ്ഷെഡ്ഡിങ് ഭീതി ഒഴിഞ്ഞതായി കെഎസ്ഇബി


തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും വ്യാപകമായതോടെ വൈദ്യുതി പ്രതിസന്ധിക്ക് താല്കാലിക ആശ്വാസം. മഴ പെയ്തതിനെ തുടർന്ന് ഇന്നലത്തെ വൈദ്യുതി ഉപയോഗത്തിൽ 200 മെഗാവാട്ട് മുതൽ 400 മെഗാവാട്ട് വരെ കുറവുണ്ടായതായി കെഎസ്ഇബി അറിയിച്ചു. തിങ്കളാഴ്ചയും ഉപയോഗത്തിൽ 300 മുതൽ 500 മെഗാവാട്ട് വരെ കുറവ് രേഖപ്പെടുത്തിയിരുന്നു. ഉപയോഗം കുറഞ്ഞതിനാലും പവർ എക്സ്ചേഞ്ചിൽ നിന്നും ആവശ്യമായ വൈദ്യുതി ലഭ്യമായതിനാലും ഇന്നലെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നിട്ടില്ലെന്ന് കെഎസ്ഇബി വ്യക്തമാക്കി.

Tourist Destinations

ഇന്നലത്തെ ആകെ വൈദ്യുതി ഉപയോഗം 82.25ദശലക്ഷം യൂണിറ്റാണ്. ഉൽപാദനം 10.59 ദശലക്ഷം യൂണിറ്റ്. ഇറക്കുമതി 71.66ദശലക്ഷം യൂണിറ്റും ഉയർന്ന ആവശ്യകത 4410 മെഗാവാട്ട് ആണ്. വൈദ്യുതി ഉൽപാദനത്തിനായി കെഎസ്ഇബി ഡാമുകളിൽ അവശേഷിക്കുന്ന ജലം 21.87% മാത്രമാണ് എന്നാൽ അത് കഴിഞ്ഞ വർഷം 61.08% ആയിരുന്നു.അതേസമയം, വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതിന്‌ ചുരുങ്ങിയത്‌ ഒരു മണിക്കൂർ മുമ്പെങ്കിലും ഉപയോക്താക്കൾക്ക്‌ അറിയിപ്പ്‌ നൽകണമെന്ന്‌ കെഎസ്‌ഇബിയോട്‌ റെഗുലേറ്ററി കമീഷൻ നിർദേശം നൽകിയിരുന്നു. എസ്എംഎസ്, അച്ചടി-ദൃശ്യ മാധ്യമങ്ങൾ, സമൂഹമാധ്യമങ്ങൾ തുടങ്ങി സാധ്യമായ എല്ലാ മാർഗങ്ങളിലൂടെയും ഈ വിവരം ജനങ്ങളിൽ എത്തിക്കണം. വൈദ്യുതി വിതരണ ശൃംഖലയുടെ സ്ഥിരത ഉറപ്പാക്കുന്നതിനായി, ഒഴിവാക്കാൻ പറ്റാത്ത സാഹചര്യങ്ങൾ ഉണ്ടായാൽ മാത്രം നിശ്ചിത സമയത്തേക്ക് ലോഡ്ഷെഡ്ഡിങ് ഏർപ്പെടുത്താമെന്നും കമീഷൻ ബോർഡിനെ അറിയിച്ചിട്ടുണ്ട്. എങ്കിലും നിലവിൽ പെയ്യുന്ന മഴ വരും ദിവസങ്ങളിലും തുടർന്നാൽ വലിയ പ്രതിസന്ധികളില്ലാതെ മുന്നോട്ട് പോകാൻ കഴിയുമെന്നാണ് കെഎസ്ഇബിയുടെ പ്രതീക്ഷ.

أحدث أقدم