
കോട്ടയം: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. എൻഎസ്എസിൻ്റെ ബജറ്റ് ദിനത്തിൽ സുരേഷ് ഗോപി എൻഎസ്എസ് ആസ്ഥാനത്തെത്തിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടായിരുന്നു എന്ന് കുറ്റപ്പെടുത്തി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ബിജെപിയുമായി അടുത്തുനിൽക്കുകയാണ് എൻഎസ്എസ് എന്നു വരുത്തി തീർക്കാനാണ് സുരേഷ് ഗോപി വന്നതെന്നും സുകുമാരൻ നായർ വിമർശിച്ചു. പാർലമെൻറ് പോലെ തന്നെയാണ് ഞങ്ങളുടെ യോഗവും. അദ്ദേഹം എന്താ ഒന്നും അറിവില്ലാത്ത കുട്ടിയാണോ എന്നും സുകുമാരൻ നായർ ചോദിച്ചു. തെറ്റുപറ്റിയെന്ന് സുരേഷ് ഗോപി അന്ന് തന്നെ പറഞ്ഞതാണ്. അതിനുശേഷം ആണ് പിന്നീട് തിരുത്തിയതെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ചൂണ്ടിക്കാണിച്ചു