ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി അന്തരിച്ചു




കോഴിക്കോട് : ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യു.എല്‍.സി.സി.എസ്.) ചെയര്‍മാന്‍ രമേശന്‍ പാലേരി അന്തരിച്ചു. കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെയാണ് അന്ത്യം. ദീര്‍ഘനാളായി അര്‍ബുധ ബാധിതനായിരുന്നു. 65 വയസ്സായിരുന്നു.

ചെയര്‍മാനായി രമേശന്‍ ചുമതലയേറ്റത് 1995ലാണ്. സൊസൈറ്റിയുടെ രണ്ടാമത്തെ പ്രസിഡന്റ് പാലേരി ചന്തമ്മന്‍ രമേശന്‍ പാലേരിയുടെ മുത്തച്ഛനായിരുന്നു. 32 വര്‍ഷം സൊസൈറ്റിയെ നയിച്ച പാലേരി കണാരന്‍ ഇദ്ദേഹത്തിന്റെ പിതാവും. 100 വര്‍ഷത്തിനിടയില്‍ 80 വര്‍ഷവും സൊസൈറ്റിയെ നയിക്കാനുള്ള ഭാഗ്യം ഇവരുടെ കുടുംബത്തിനുണ്ടായി. പിതാവിന്റെ വഴിയെ രമേശനും 32 വര്‍ഷം സൊസൈറ്റിയുടെ ചെയര്‍മാനായി.

ഫെബ്രുവരി 13-നാണ് ഊരാളുങ്കല്‍ കൂലിവേലക്കാരുടെ സംഘം രജിസ്റ്റര്‍ചെയ്യുന്നത്. മൂലധനം 36 പൈസ. വാഗ്ഭടാനന്ദന്റെ ശിഷ്യന്മാരായ 14 പേരായിരുന്നു പ്രമോട്ടിങ് കമ്മിറ്റി അംഗങ്ങള്‍. ചാപ്പയില്‍ കുഞ്ഞ്യേക്കു ഗുരുക്കളെ ആദ്യത്തെ പ്രസിഡന്റായി തെരഞ്ഞെടുത്തു. കൂലിവേലക്കാരുടെ പരസ്പരസഹായസംഘമായി ചെറിയരൂപത്തില്‍ തുടക്കമിട്ട് ലോകത്തിലെ ഏറ്റവുംവലിയ രണ്ടാമത്തെ ലേബര്‍ സൊസൈറ്റി എന്ന പദവിയിലേക്കുയര്‍ന്നു.

സഹകരണ പ്രസ്ഥാനത്തിന്റെ സ്ഥാപകനായി അറിയപ്പെടുന്ന റോബർട്ട് ഓവന്റെ നാമധേയത്തിൽ, കേരള സർക്കാർ സഹകരണ മേഖലയിലെ മികച്ച സഹകാരിക്ക് നൽകുന്ന ഏറ്റവും വലിയ സംസ്ഥാന പുരസ്കാരമായ റോബർട്ട് ഓവൻ പുരസ്കാരത്തിന് 2023ൽ രമേശൻ പാലേരി അർഹനായി. യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ് പ്രോഗ്രാം ഊരാളുങ്കൽ സൊസൈറ്റിയെ ഒരു മോഡൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയായി തെരഞ്ഞെടുത്തതും ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസിൽ (ഐസിഎ) അംഗത്വം ലഭിച്ചതും അദ്ദേഹത്തിന്റെ നേതൃപാടവത്തിന് ലഭിച്ച ആഗോള അംഗീകാരങ്ങളാണ്.
Previous Post Next Post