യൂട്യൂബർ ‘തൊപ്പി’ക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കാൻ പോലീസ്….


കൊച്ചി: സുഹൃത്തുക്കളുടെ നഗ്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസില്‍ പ്രശസ്ത യൂട്യൂബര്‍ ‘തൊപ്പി’ എന്ന നിഹാദിനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കാന്‍ ഒരുങ്ങി പോലീസ്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതി വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് പോലീസിന്റെ ഈ അടിയന്തര നീക്കം. ഇതിന്റെ ഭാഗമായി തൊപ്പിയുടെ പാസ്‌പോര്‍ട്ട് വിശദാംശങ്ങള്‍ പോലീസ് ഇതിനകം ശേഖരിച്ചിട്ടുണ്ട്. കേസിൽ മൊഴിയെടുപ്പിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും തൊപ്പിയുടെ സുഹൃത്തുക്കളും ഇതുവരെ പോലീസിന് മുന്നിൽ ഹാജരായിട്ടില്ല

അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നതടക്കം ചൂണ്ടിക്കാട്ടി അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയിലാണ് എറണാകുളം റൂറല്‍ സൈബര്‍ പോലീസ് നിലവിൽ ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. തൊപ്പിയുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകള്‍ കൃത്യമായി നിരീക്ഷിച്ചും പരിശോധിച്ചുമായിരുന്നു പോലീസ് നടപടികളിലേക്ക് കടന്നത്. ഈ സംഭവത്തിന് പിന്നാലെ തൊപ്പിയുടെ യൂട്യൂബ് ചാനല്‍ പോലീസ് പൂട്ടിക്കുകയും ചെയ്തിട്ടുണ്ട്. കേസില്‍ തൊപ്പിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തുകൊണ്ട് എറണാകുളം റൂറല്‍ പോലീസ് കോടതിയിൽ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പ്രതി ചെയ്തത് അതീവ ഗൗരവ സ്വഭാവമുള്ള കുറ്റമാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.


തൊപ്പിയും സുഹൃത്തുക്കളടങ്ങുന്ന ഗ്യാങ്ങും തമ്മിൽ തെറ്റിപ്പിരിഞ്ഞതിനുശേഷം ഇവര്‍ താമസിക്കുന്ന സ്ഥലത്തുള്ള ലഹരി ഉപയോഗത്തെക്കുറിച്ചും അശ്ലീല പദപ്രയോഗങ്ങളെക്കുറിച്ചും വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. പോക്‌സോ കേസ് വരെ ചുമത്താവുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് ഇവർ പരസ്പരം വിളിച്ചു പറഞ്ഞതോടെയാണ് നിരവധിപേര്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്. നിലവിൽ സൈബർ പോലീസിന് പുറമെ കളമശ്ശേരി പോലീസും തൊപ്പിക്കെതിരെ ശക്തമായ അന്വേഷണം നടത്തിവരികയാണ്

Previous Post Next Post