ഇന്നലെ അർദ്ധരാത്രിയോടെയായിരിക്കാം ഈ സംഭവം നടന്നതെന്നാണ് പോലീസ് വിലയിരുത്തുന്നത്. ഇന്ന് പുലർച്ചെ വീടിന് വെളിയിലിറങ്ങിയ വീട്ടുകാരാണ് തെങ്ങിൻ ചുവട്ടിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ ആദ്യമായി കണ്ടെത്തുന്നത്. ഉടൻ തന്നെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നതിനാൽ തീ പൂർണ്ണമായി പടർന്നില്ല. അതുകൊണ്ടുതന്നെ മൃതദേഹം പൂർണ്ണമായി കത്തിയമരാത്ത നിലയിലാണ് കണ്ടെത്തിയിട്ടുള്ളത്. ഇത് ഇൻക്വസ്റ്റ് നടപടികൾക്കും പ്രതിയെ തിരിച്ചറിയുന്നതിനും പോലീസിന് സഹായകരമാകുമെന്നാണ് കരുതുന്നത്.
മരണപ്പെട്ടത് ആരാണെന്നോ എവിടെയുള്ള ആളാണെന്നോ ഉള്ള കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. പ്രദേശത്ത് നിന്നും കാണാതായ ആളുകളുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്. ഷൊർണൂർ ഡിവൈഎസ്പിയുടെയും പ്രാദേശിക പോലീസിന്റെയും നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്ത് ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നുണ്ട്. വിരലടയാള വിദഗ്ദ്ധരും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. കൊലപാതക സാധ്യതയടക്കം എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി.