വീട്ടുപടിയ്ക്കൽ തെങ്ങിൻ ചുവട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ അജ്ഞാത മൃതദേഹം...





പാലക്കാട്: ഷൊർണൂർ വാടാനംകുറിശ്ശിയിൽ വീട്ടുപടിയ്ക്കൽ തെങ്ങിൻ ചുവട്ടിൽ അജ്ഞാത മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വാടാനംകുറിശ്ശി പൊയിലൂർ സ്വദേശിനിയായ ജയയുടെ വീടിന്റെ മുറ്റത്താണ് ഇന്ന് പുലർച്ചെയോടെ അതിദാരുണമായ ഈ ദൃശ്യം കാണപ്പെട്ടത്. സംഭവത്തെക്കുറിച്ച് ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള വൻ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അജ്ഞാതനായ ഒരാൾ രാത്രി വൈകി വീട്ടുമുറ്റത്ത് എത്തി സ്വയം തീകൊളുത്തി മരിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ഇന്നലെ അർദ്ധരാത്രിയോടെയായിരിക്കാം ഈ സംഭവം നടന്നതെന്നാണ് പോലീസ് വിലയിരുത്തുന്നത്. ഇന്ന് പുലർച്ചെ വീടിന് വെളിയിലിറങ്ങിയ വീട്ടുകാരാണ് തെങ്ങിൻ ചുവട്ടിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ ആദ്യമായി കണ്ടെത്തുന്നത്. ഉടൻ തന്നെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നതിനാൽ തീ പൂർണ്ണമായി പടർന്നില്ല. അതുകൊണ്ടുതന്നെ മൃതദേഹം പൂർണ്ണമായി കത്തിയമരാത്ത നിലയിലാണ് കണ്ടെത്തിയിട്ടുള്ളത്. ഇത് ഇൻക്വസ്റ്റ് നടപടികൾക്കും പ്രതിയെ തിരിച്ചറിയുന്നതിനും പോലീസിന് സഹായകരമാകുമെന്നാണ് കരുതുന്നത്.

മരണപ്പെട്ടത് ആരാണെന്നോ എവിടെയുള്ള ആളാണെന്നോ ഉള്ള കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. പ്രദേശത്ത് നിന്നും കാണാതായ ആളുകളുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്. ഷൊർണൂർ ഡിവൈഎസ്പിയുടെയും പ്രാദേശിക പോലീസിന്റെയും നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്ത് ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നുണ്ട്. വിരലടയാള വിദഗ്ദ്ധരും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. കൊലപാതക സാധ്യതയടക്കം എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
أحدث أقدم