പാമ്പാടി: ഗ്രാമ പഞ്ചായത്ത് പരിധിയിലെ മുഴുവൻ വീടുകളും സ്ഥാപനങ്ങളും കയറി പാഴ് വസ്തുക്കൾ ശേഖരിക്കുക വഴി പഞ്ചായത്ത് തന്നെ വൃത്തിയാക്കി ഇടുന്ന ഹരിത കർമ സേനഅംഗങ്ങളുടെ പ്രവർത്തനം പ്രശംസനീയമാണ്.
പലപ്പോഴും വൃത്തി ഹീനമായ ഇടങ്ങളിലും അവർ ജോലി ചെയ്യേണ്ടി വരുന്നുണ്ട്. ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടി മുട്ടിക്കാനുള്ള തത്രപാടിന്റെ ഭാഗമായിട്ടാണ് അവർ തങ്ങളുടെ വീട്ടിൽ /സ്ഥാപനത്തിൽ എത്തിയിരിക്കുന്നതെന്ന മനുഷ്യത്വം ചിലർ അവരോട് കാണിക്കുന്നില്ല.ഹരിത കർമ സേനഅംഗങ്ങളുടെ ആരോഗ്യവും ക്ഷേമവും ഗ്രാമ പഞ്ചായത്ത് വളരെ പ്രാധാന്യത്തോടെ കാണുന്നതിനാലാണ് മുഴുവൻ അംഗങ്ങൾക്കും വൈദ്യ പരിശോധന നടത്തിയത്
ആവശ്യമായവർക്ക് മരുന്നും നൽകി. തുടർ ചികിത്സ വേണ്ടവർക്ക് അതും ഉറപ്പാക്കുമെന്ന് പ്രസിഡന്റ് അഡ്വ. സിജു കെ ഐസക്ക് പറഞ്ഞു. ഇതോടൊപ്പം ജോലിയിൽ വീഴ്ച്ച വരുത്തുന്നുണ്ടോ എന്നും പരിശോധിക്കും. ഹരിത കർമ സേനഅംഗങ്ങൾ ഇല്ലാത്ത എല്ലാ വാർഡുകളിലും ഉടൻ നിയമനം നടത്തും.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി പി ഐസക്കിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രിയദർശിനി കമ്മ്യൂണിറ്റി ഹാളിൽ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം പ്രസിഡന്റ് അഡ്വ. സിജു കെ ഐസക്ക് നിർവഹിച്ചു.വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ ആർ ഗോപകുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ രെഞ്ചു കെ രാജു, മെമ്പർമാരായ പ്രവീൺ പ്രസാദ്, സൂസൻ ഇ കുരുവിള, നിമ്മി എ ജോർജ്, ഡോ. ലില്ലി എൻ,ഹെൽത്ത് ഇൻസ്‌പെക്ടർ ബിജോ വി സുഗതൻ, അൻസിൽ എന്നിവർ പ്രസംഗിച്ചു.