പ്രിയദർശിനി പദ്ധതി: പഴയ കെഎസ്ആർടിസി ബസുകളിൽ അമിതമായി യാത്രക്കാർ കയറുന്നത് അപകടഭീഷണി


പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കിയതിന് പിന്നാലെ കെ.എസ്.ആർ.ടി.സി. ബസുകളിൽ യാത്രക്കാരുടെ എണ്ണം ഗണ്യമായി വർധിച്ച സാഹചര്യത്തിൽ, പഴക്കമേറിയ ബസുകളിൽ അമിത യാത്രക്കാരെ കയറ്റി സർവീസ് നടത്തുന്നത് ഗുരുതരമായ അപകടസാധ്യത സൃഷ്ടിക്കുന്നുവെന്ന് കെഎസ്ആർടി എംപ്ലോയീസ് വെൽഫെയർ അസോസിയേഷൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ.എസ്.ആർ.ടി.സി സിഎംഡിക്ക് കെഎസ്ആർടി എംപ്ലോയീസ് വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറി മെഹബൂബ് എം. കെ. നിവേദനം നൽകി.

15 വർഷമോ അതിൽ കൂടുതലോ പഴക്കമുള്ള ബസുകളിൽ പോലും നിശ്ചിത ശേഷിയിലധികം യാത്രക്കാരുമായി സർവീസ് നടത്തേണ്ട സാഹചര്യം പല യൂണിറ്റുകളിലും നിലനിൽക്കുന്നതായി നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ അമിതഭാരവുമായി സർവീസ് നടത്തുന്നത് ബ്രേക്കിംഗ് സംവിധാനം, സസ്പെൻഷൻ, സ്റ്റിയറിംഗ്, ടയറുകൾ, ചാസിസ് എന്നിവ ഉൾപ്പെടെയുള്ള നിർണായക മെക്കാനിക്കൽ ഘടകങ്ങളിൽ അധിക സമ്മർദ്ദം സൃഷ്ടിക്കുകയും വാഹനസുരക്ഷയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്ന് സംഘടന മുന്നറിയിപ്പ് നൽകുന്നു.

നിലവിൽ സർവീസ് നടത്തുന്ന നിരവധി ബസുകളിൽ എയർ ലീക്ക് ഉൾപ്പെടെയുള്ള ഗുരുതര സാങ്കേതിക തകരാറുകൾ പതിവായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും, ഇത്തരം വാഹനങ്ങൾ പൂർണമായും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി സുരക്ഷ ഉറപ്പാക്കിയ ശേഷമേ സർവീസിന് അനുവദിക്കാവൂ എന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു. ഇതിനായി എല്ലാ യൂണിറ്റുകളിലും കർശനമായ സാങ്കേതിക പരിശോധനയും ഗുണനിലവാര നിയന്ത്രണ സംവിധാനവും ഫലപ്രദമായി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.


ഗാരേജുകളിൽ ആവശ്യമായ സ്പെയർ പാർട്സുകളുടെ ലഭ്യതക്കുറവും സംഘടനയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ആവശ്യമായ Oversize Brake Liner ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ ചില യൂണിറ്റുകളിൽ Standard Brake Liner ഉപയോഗിച്ച് ബസുകൾ സർവീസിന് ഇറക്കുന്നതായി അറിയുന്നതായും, ബ്രേക്ക് സംവിധാനവുമായി ബന്ധപ്പെട്ട ഇത്തരം വിട്ടുവീഴ്ചകൾ ഗുരുതര അപകടങ്ങൾക്ക് ഇടയാക്കാൻ സാധ്യതയുള്ളതാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. നിർമ്മാതാക്കൾ നിർദേശിച്ച സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കുന്നതിനാവശ്യമായ എല്ലാ സ്പെയർ പാർട്സുകളും സമയബന്ധിതമായി ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.


എയർ ലീക്ക് ഉൾപ്പെടെയുള്ള തകരാറുകൾ സമയബന്ധിതമായി പരിഹരിക്കുന്നത് വാഹനങ്ങളുടെ സുരക്ഷ വർധിപ്പിക്കുന്നതിനൊപ്പം എയർ സിസ്റ്റത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്താനും ഡീസൽ ഉപഭോഗം കുറയ്ക്കാനും വാഹനങ്ങളുടെ ആയുസ്സ് വർധിപ്പിക്കാനും സഹായിക്കുമെന്നും, ഇതിലൂടെ കോർപ്പറേഷന് സാമ്പത്തിക ലാഭവും കൈവരിക്കാനാകുമെന്നും സംഘടന അഭിപ്രായപ്പെട്ടു.

15 വർഷത്തിലധികം പഴക്കമുള്ള ബസുകളിൽ അമിത യാത്രക്കാരെ കയറ്റി സർവീസ് നടത്തുന്നതിന്റെ സുരക്ഷാ വശങ്ങൾ അടിയന്തരമായി പുനഃപരിശോധിക്കണമെന്നും, ആവശ്യമായിടത്ത് അധിക സർവീസുകൾ അനുവദിക്കുകയോ കൂടുതൽ സുരക്ഷിതവും മെച്ചപ്പെട്ട നിലയിലുള്ള വാഹനങ്ങൾ വിന്യസിക്കുകയോ ചെയ്ത് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.


എല്ലാ യൂണിറ്റുകളിലും വാഹനങ്ങളുടെ സാങ്കേതിക സുരക്ഷ ഉറപ്പാക്കുന്നതിനായി കർശനമായ പരിശോധനാ സംവിധാനം നടപ്പിലാക്കുകയും, മെയിന്റനൻസ് പ്രവർത്തനങ്ങൾ കാര്യക്ഷമമായി നിർവഹിക്കുന്നതിനാവശ്യമായ സ്പെയർ പാർട്സുകളും ഉപകരണങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സമയബന്ധിതമായി ലഭ്യമാക്കാൻ നിർദ്ദേശം നൽകണമെന്നും KSRTEWA ആവശ്യപ്പെട്ടു.


സുരക്ഷാ വിഷയങ്ങളിൽ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാതിരിക്കുന്നതിന്റെ ഫലമായി ഭാവിയിൽ വാഹനങ്ങളുടെ പഴക്കം, അമിതഭാരം, സാങ്കേതിക തകരാറുകൾ അല്ലെങ്കിൽ അപര്യാപ്തമായ അറ്റകുറ്റപ്പണികൾ എന്നിവ മൂലമുണ്ടാകുന്ന അപകടങ്ങളുടെ ഭരണപരവും നിയമപരവുമായ ഉത്തരവാദിത്വം കോർപ്പറേഷനിൽ നിക്ഷിപ്തമായിരിക്കുമെന്നും സംഘടന നിവേദനത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


പൊതുജനങ്ങളുടെയും ജീവനക്കാരുടെയും ജീവനും സുരക്ഷയും പരമപ്രാധാന്യത്തോടെ പരിഗണിച്ച് വിഷയത്തിൽ അടിയന്തരവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കണമെന്നും, ബന്ധപ്പെട്ട നിർദ്ദേശങ്ങൾ എല്ലാ യൂണിറ്റുകൾക്കും നൽകണമെന്നും KSRTEWA ആവശ്യപ്പെട്ടു.

أحدث أقدم