പാലക്കാട് കെഎസ്ആർടിസി പ്രിയദർശനി ബസിൽ നിന്നും തെറിച്ചുവീണ് കണ്ടക്ടർക്ക് പരിക്ക്….


പാലക്കാട്: കെഎസ്ആർടിസി പ്രിയദർശനി ബസിൽ നിന്നും തെറിച്ചുവീണ് കണ്ടക്ടർക്ക് പരിക്ക്. ആലത്തൂർ വാനൂർ സ്വദേശിയായ മുഹമ്മദിനാണ് ബസിൽ നിന്നും റോഡിലേക്ക് വീണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 9 മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. ഒറ്റപ്പാലത്ത് നിന്നും വടക്കഞ്ചേരി വഴി പാണ്ടാംകോടേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി പ്രിയദർശനി ബസിലാണ് അപകടം ഉണ്ടായത്. ബസ് ആയക്കാട് മന്നത്ത് എത്തിയ ഘട്ടത്തിൽ മുൻവശത്തെ ഡോർ അപ്രതീക്ഷിതമായി തുറന്ന് മുഹമ്മദ് പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ഉടൻ തന്നെ പരിക്കേറ്റ മുഹമ്മദിനെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടം നടക്കുന്ന സമയത്ത് ബസിനുള്ളിൽ കനത്ത തിരക്കായിരുന്നു അനുഭവപ്പെട്ടിരുന്നത്. ഏകദേശം 130-ൽ അധികം യാത്രക്കാർ ഈ സമയം ബസിനുള്ളിൽ ഉണ്ടായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. കനത്ത തിരക്ക് കാരണമായി ആയക്കാട് സ്റ്റോപ്പിൽ ബസ് നിർത്തിയിരുന്നില്ല. ഈ സ്റ്റോപ്പിൽ നിന്നും ഏകദേശം ഇരുപത് അടിയോളം മുന്നോട്ട് മാറിയാണ് കണ്ടക്ടർ മുഹമ്മദ് റോഡിലേക്ക് വീണത്. ഈ അപകടം നടക്കുന്നതിന് തൊട്ടുമുൻപിലുള്ള പുളിങ്കുട്ടം ബസ് സ്റ്റോപ്പിൽ നിന്നും കണ്ടക്ടർ മുഹമ്മദ് മുൻവശത്തെ ഡോറിലൂടെ ഇറങ്ങി, ബസിന്റെ പുറകുവശത്തെ ഡോറിലൂടെ കയറി വാതിൽ അടച്ചിരുന്നതായി ബസിലുണ്ടായിരുന്ന യാത്രക്കാർ പറയുന്നു. എന്നാൽ ബസിനുള്ളിലെ അമിതമായ തിരക്ക് കാരണം ഡോർ അറിയാതെ തുറന്നുപോയതാകാം കണ്ടക്ടർ താഴേക്ക് വീഴാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

Previous Post Next Post