കൊച്ചി: ആഭ്യന്തര മന്ത്രിയെ ഫോണിൽ വിളിച്ചത് തന്റെ പരാതിയിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെടാനല്ലെന്നും തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ തടയാൻ അടിയന്തരമായി ഇടപെടണം എന്ന് അഭ്യർത്ഥിക്കാനാണെന്നും നടി അൻസിബ ഹസൻ. എഫ്.ഐ.ആർ. ഇട്ടിട്ടുണ്ടെന്ന് പോലീസ് ആഭ്യന്തരമന്ത്രിയോട് കളവായി പറയുകയായിരുന്നു. മാനനഷ്ടക്കേസ് മാത്രമാണെന്ന് വരുത്തിത്തീർത്ത് പരാതി എഴുതിത്തള്ളാനാണ് പൊലീസ് ഇപ്പോൾ ശ്രമിക്കുന്നതെന്നും അൻസിബ ആരോപിച്ചു. കാക്കിക്കുള്ളിൽ നിങ്ങൾ ആരായാലും, നിയമപരമായ നിങ്ങളുടെ സഹായവും സംരക്ഷണവും എനിക്കും കൂടി അവകാശപ്പെട്ടതാണെന്നും അതാണ് നിങ്ങളുടെ വാതിലിൽ മുട്ടുന്നതെന്നും അൻസിബ കൂട്ടിച്ചേർത്തു.