'അമ്മ'യിൽ വീണ്ടും പടയൊരുക്കം... ശ്വേതാ മേനോനെതിരെ വനിതാ അംഗങ്ങളുടെ വാട്‌സ്ആപ്പ് പോൾ...






കൊച്ചി: നടിയും അമ്മ സംഘടനാ പ്രസിഡന്റുമായ ശ്വേതാ മേനോനെതിരെ താര സംഘടനയില്‍ പടയൊരുക്കം ശക്തമാകുന്നു. തിരഞ്ഞെടുപ്പ് വേണോ, ശ്വേത തുടരണോ എന്ന ചോദ്യവുമായി ‘അമ്മ പെണ്‍മക്കള്‍’ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലാണ് അഭിപ്രായ രൂപീകരണത്തിനായി പോൾ നടന്നത്. ഇതു വ്യക്തമാക്കുന്ന വാട്സ്ആപ്പ് ചാറ്റുകള്‍ പുറത്തുവന്നിട്ടുണ്ട്. സംഘടനയിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഭൂരിപക്ഷ അംഗങ്ങളും അഭിപ്രായപ്പെട്ടത്. 32 പേര്‍ തിരഞ്ഞെടുപ്പ് വേണമെന്ന് വോട്ട് ചെയ്തപ്പോൾ, ശ്വേതാ മേനോന്റെ സമിതി തുടരണം എന്ന് ഒരാള്‍ പോലും അഭിപ്രായപ്പെട്ടില്ല. മുൻപ് ശ്വേതയെ ഈ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കിയിരുന്നു.

വിവാദങ്ങള്‍ക്കിടെ, തന്റെ യുദ്ധം ഹേമാ കമ്മിറ്റിയിലെ കുറ്റാരോപിതര്‍ക്കെതിരെയാണെന്ന പ്രതികരണവുമായി ശ്വേതാ മേനോന്‍ രംഗത്തെത്തി. താന്‍ ഉളളിടത്തോളം ആരോപണം നേരിടുന്നവര്‍ അമ്മയുടെ തലപ്പത്ത് വരില്ലെന്നും, കുറ്റാരോപിതര്‍ സംഘടനയിലെ ചിലരെ മുന്‍നിര്‍ത്തി തന്നെ അപമാനിക്കുകയാണെന്നും ശ്വേത പറഞ്ഞു. ചിലരുടെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ മറുപടി പറയുന്നതിന് പകരം വ്യക്തി അധിക്ഷേപങ്ങളാണ് തനിക്ക് നേരിടേണ്ടി വന്നതെന്നും ശ്വേത ആരോപിച്ചു. ശ്വേതയുടെ ആരോപണങ്ങൾക്ക് പിന്നാലെ വിമർശനവുമായി നടി മാലാ പാര്‍വതിയും രംഗത്തുവന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടതും, അതേസമയം അമ്മ സംഘടനയിലെ തലപ്പത്ത് വരാന്‍ ശ്രമിക്കുന്നതുമായ ആ ‘കുറ്റാരോപിതര്‍’ ആരൊക്കെയാണെന്ന് ശ്വേത വ്യക്തമായി വെളിപ്പെടുത്തണമെന്ന് മാലാ പാർവതി ആവശ്യപ്പെട്ടു.
Previous Post Next Post