ഒന്നര വയസ്സുകാരന്റെ മരണത്തിൽ മെഡിക്കൽ ബോർഡ് യോഗത്തിൽ വൻ വെളിപ്പെടുത്തൽ….


കണ്ണൂർ: പയ്യന്നൂരിൽ ചികിത്സാപ്പിഴവ് മൂലം ഒന്നര വയസ്സുകാരൻ ദേവാൻഷ് ശൗര്യ മരിച്ച സംഭവത്തിൽ അന്വേഷണത്തിനായി ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിൽ കനത്ത നാടകീയ രംഗങ്ങൾ. ജില്ലാ മെഡിക്കൽ ഓഫീസർ മെഡിക്കൽ ബോർഡിൽ ഉൾപ്പെടുത്തിയ ഏഴ് പേരിൽ മൂന്ന് പേരെ മാത്രമേ യോഗത്തിൽ പങ്കെടുക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ അനുവദിച്ചുള്ളൂ. കേസിൽ അനാവശ്യമായ ഇടപെടലുകൾ നടത്താനും അട്ടിമറിക്കാനും വേണ്ടിയാണ് നിയമവിരുദ്ധമായി കൂടുതൽ ആളുകളെ മെഡിക്കൽ ബോർഡിൽ ഉൾപ്പെടുത്തിയതെന്നാണ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ. അജിത് കുമാർ പ്രതികരിച്ചത്.

നിയമപരമല്ലാത്ത ഒരു ഇടപെടലും ഈ കേസിൽ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ പബ്ലിക് പ്രോസിക്യൂട്ടർ, അനാവശ്യമായി എന്തിനാണ് ഇത്രയും പേരെ ബോർഡിൽ തിരുകിക്കയറ്റിയതെന്നും ചോദ്യം ചെയ്തു. യോഗത്തിൽ പങ്കെടുത്ത അഞ്ച് അംഗങ്ങളിൽ മൂന്ന് പേരും ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടായ ചികിത്സാപ്പിഴവ് പൂർണ്ണമായും ശരിവെച്ചിട്ടുണ്ട്. പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും, ലഭ്യമായ ചികിത്സാ രേഖകൾ പരിശോധിക്കുമ്പോൾ ആശുപത്രി അധികൃതരുടെ ക്രിമിനൽ അനാസ്ഥ വ്യക്തമാണെന്നും അഡ്വ. കെ. അജിത് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. മെഡിക്കൽ ബോർഡിന്റെ ഈ നിർണായക റിപ്പോർട്ട് ഉടൻ തന്നെ പോലീസിന് കൈമാറും.

അതേസമയം, കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാൻ പലവിധത്തിലുള്ള ഉയർന്ന സമ്മർദ്ദങ്ങൾ നടക്കുന്നതായി ആശങ്കയുണ്ടെന്ന് മരണപ്പെട്ട ദേവാൻഷിന്റെ കുടുംബം പ്രതികരിച്ചു. മെഡിക്കൽ ബോർഡ് രൂപീകരണത്തിൽ ഒളിഞ്ഞും തെളിഞ്ഞും നടന്ന ഇടപെടലുകൾ ഇതിന്റെ വ്യക്തമായ സൂചനയാണെന്നും അവർ ആരോപിച്ചു. കുറ്റക്കാരായ ഡോക്ടർമാരെ രക്ഷപ്പെടുത്താൻ നീക്കങ്ങൾ നടക്കുന്നുണ്ടെന്നും, തങ്ങൾക്ക് നീതിയുക്തമായ അന്വേഷണം ഉറപ്പാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

Previous Post Next Post