കടയിൽ ഭക്ഷണം എത്തിക്കാൻ വൈകിയതിന് ആശുപത്രിയിൽ കയറി യുവതിയെ….


കടയിൽ ഭക്ഷണം എത്തിക്കാൻ വൈകിയെന്ന കാരണത്താൽ തമിഴ്‌നാട്ടിൽ യുവതിയെ ഭർത്താവ് ആശുപത്രിയിൽ കയറി വെട്ടിക്കൊലപ്പെടുത്തി. തിരുച്ചിറപ്പള്ളി ധീരൻനഗർ സ്വദേശിയായ കവിതയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ കവിതയുടെ ഭർത്താവ് സമ്പത്ത് കുമാറിനെ ഉറയൂർ പോലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്ത് ഒരു പാൻ ഷോപ്പ് നടത്തിവരികയായിരുന്നു പ്രതിയായ സമ്പത്ത് കുമാർ. എല്ലാ ദിവസവും ഉച്ചയ്ക്ക് കടയിലേക്ക് ഭർത്താവിനുള്ള ഭക്ഷണം കൊണ്ടുപോയി നൽകിയിരുന്നത് കവിതയായിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം ഭക്ഷണം എത്തിക്കാൻ കവിത അല്പം വൈകി. ഇതിൽ പ്രകോപിതനായി വീട്ടിലെത്തിയ സമ്പത്ത് കുമാർ ഭാര്യയുമായി വഴക്കിടുകയും, തുടർന്ന് വീട്ടിലുണ്ടായിരുന്ന ഇരുമ്പ് വടി ഉപയോഗിച്ച് കവിതയുടെ തലയ്ക്കടിച്ച് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ക്രൂരമായ മർദ്ദനത്തിന് ശേഷം സമ്പത്ത് കുമാർ തന്നെ കവിതയുടെ വീട്ടുകാരെ വിളിച്ച് വിവരം അറിയിച്ചു. വീട്ടുകാർ ഓടിയെത്തുമ്പോൾ കടുത്ത പരിക്കുകളോടെ ചോര വാർന്ന നിലയിലായിരുന്നു കവിത. ഉടൻ തന്നെ ബന്ധുക്കൾ ചേർന്ന് ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

എന്നാൽ, ഭാര്യയോടുള്ള ദേഷ്യം അപ്പോഴും സമ്പത്ത് കുമാറിന് അടങ്ങിയിരുന്നില്ല. തുടർന്ന് രാത്രിയോടെ കവിത ചികിത്സയിൽ കഴിയുന്ന സ്വകാര്യ ആശുപത്രിയിലെത്തിയ സമ്പത്ത്, താൻ കൈയിൽ കരുതിയിരുന്ന മൂർച്ചയേറിയ കത്തി ഉപയോഗിച്ച് കവിതയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഉറയൂർ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. കേവലം ഭക്ഷണം വൈകിയതുകൊണ്ട് മാത്രം ഇത്രയും വലിയൊരു കൊലപാതകം നടക്കുമോ എന്നതിൽ പോലീസിന് കനത്ത സംശയമുണ്ട്. കുടുംബ വഴക്കോ മറ്റെന്തെങ്കിലും കാരണങ്ങളോ സംഭവത്തിന് പിന്നിലുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിച്ചു വരികയാണ്.

أحدث أقدم