പാചകവാതക സിലിണ്ടറുകൾ വീട്ടുപടിക്കൽ എത്തിക്കുന്നതിനായി സ്വിഗ്ഗിയും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷനും കൈകോർക്കുന്നു. ഇ കോമേഴ്‌സ് ആപ്പ് വഴി രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യത്തെ ഡെലിവറി സേവനമാണിത്.സിലിണ്ടറുകൾ വാങ്ങാൻ ഉപഭോക്താക്കൾക്ക് നിലവിൽ എച്ച്പി ഗ്യാസ് കണക്ഷൻ ഉണ്ടായിരിക്കേണ്ട ആവശ്യമില്ല. മറ്റ് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് മുന്നോടിയായി ഈ സേവനം പ്രാരംഭ ഘട്ടത്തിൽ ബംഗളൂരുവിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തും. സിലിണ്ടറുകളുടെ വിലവിവരങ്ങൾ കമ്പനികൾ വെളിപ്പെടുത്തിയിട്ടില്ല.
ഇറാൻയുഎസ് സംഘർഷത്തെ തുടർന്ന് പാചകവാതക വിതരണത്തിൽ കടുത്ത പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ടുകൾ വന്ന് ഏതാനും മാസങ്ങൾക്ക് ശേഷമാണ് പദ്ധതിയുടെ തുടക്കം. സാധാരണ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം സിലിണ്ടറുകൾക്ക് പകരം 5 കിലോഗ്രാം, 10 കിലോഗ്രാം സിലിണ്ടറുകളാണ് വീട്ടിലെത്തിച്ചു നൽകുകയെന്ന് കമ്പനികൾ അറിയിച്ചു.