എസ്.എൻ ട്രസ്റ്റിൽ കളി മാറി! അധ്യാപക നിയമനത്തിൽ അപ്രതീക്ഷിത ‘ട്വിസ്റ്റ്’…..



        
സംസ്ഥാനത്ത് എൻഎസ്എസിന് പിന്നാലെ എസ്എൻഡിപിയുമായും സർക്കാർ കടുത്ത പോരിലേക്കെന്ന് സൂചന. എസ്എൻ ട്രസ്റ്റിന് കീഴിലുള്ള കോളേജുകളിലെ അധ്യാപക നിയമനത്തിനുള്ള സർക്കാർ നോമിനിയെ ഉന്നതവിദ്യാഭ്യാസ വകുപ്പ് ഇതുവരെ നൽകിയില്ലെന്നാണ് പുതിയ ആക്ഷേപം. നിയമന ബോർഡിലേക്ക് സർക്കാർ പ്രതിനിധിയെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് എസ്എൻ ട്രസ്റ്റ് മാനേജ്‌മെന്റ് കൃത്യമായി അപേക്ഷ നൽകിയിട്ടും അത് പരിഗണിക്കുന്നത് സർക്കാർ ബോധപൂർവ്വം വൈകിപ്പിക്കുകയാണെന്നാണ് ആരോപണം ഉയരുന്നത്.

അതേസമയം, ഇതേ ആവശ്യവുമായി അപേക്ഷ നൽകിയ മറ്റ് സ്വകാര്യ എയ്ഡഡ് കോളേജ് മാനേജ്‌മെന്റുകൾക്കെല്ലാം സർക്കാർ പ്രതിനിധികളെ അനുവദിച്ചിട്ടുമുണ്ട്. എയ്ഡഡ് കോളേജുകളിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ ബോർഡിലേക്ക് സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധിയെ (നോമിനിയെ) നൽകുക എന്നത് സാധാരണയായി പാലിച്ചുപോരുന്ന കീഴ്‌വഴക്കമാണ്. മുൻപ് ഉണ്ടായിരുന്ന നോമിനിയുടെ കാലാവധി അവസാനിച്ച പശ്ചാത്തലത്തിലാണ് പുതിയ പ്രതിനിധിയെ ആവശ്യപ്പെട്ട് എസ്എൻ ട്രസ്റ്റ് അപേക്ഷ സമർപ്പിച്ചത്. എസ്എൻ ട്രസ്റ്റിന് കീഴിലുള്ള സ്ഥാപനങ്ങളിലെ അധ്യാപക, പ്രിൻസിപ്പൽ നിയമനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ഒരു പരാതി ലഭിച്ചിട്ടുണ്ടെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന


1987 മുതലുള്ള അധ്യാപക നിയമനങ്ങളെ സംബന്ധിച്ചുള്ള ഗുരുതരമായ പരാതിയാണ് സർക്കാരിന് മുന്നിലുള്ളത്. ഈ പരാതിയിൽ തുടർനടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി സർക്കാർ എസ്എൻ ട്രസ്റ്റിനോട് ഔദ്യോഗികമായി വിശദീകരണം തേടിയിട്ടുണ്ട്. ഈ പരാതി നിലനിൽക്കുന്നതുകൊണ്ടാണ് നോമിനിയെ നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാതെ മാറ്റിവെച്ചിരിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ, സർക്കാരിന്റെ ഈ നീക്കത്തിനെതിരെ എസ്എൻ ട്രസ്റ്റ് അധികൃതർ രംഗത്തെത്തിയിട്ടുണ്ട്. പരാതിയുമായി ബന്ധപ്പെട്ട് സർക്കാർ ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളിലും കൃത്യമായ വിശദീകരണം നൽകി ഒരാഴ്ച കഴിഞ്ഞിട്ടും സർക്കാർ പ്രതിനിധിയെ വിട്ടുനൽകാൻ തയ്യാറാകുന്നില്ലെന്നാണ് എസ്എൻ ട്രസ്റ്റ് വ്യക്തമാക്കുന്നത്.


Previous Post Next Post