ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികൻ വീടിനുള്ളിൽ മരിച്ചനിലയിൽ...





കരകുളം ഏണിക്കര പൂച്ചെടിവിള ജയാ നിവാസിൽ താമസിച്ചിരുന്ന രവീന്ദ്രൻ (76) വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റയ്ക്കായിരുന്നു താമസം. മൃതദേഹത്തിന് ഏകദേശം 20 ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

പെൻഷൻ എത്തിച്ചയാൾ പലതവണ വിളിച്ചിട്ടും പ്രതികരണമൊന്നും ലഭിക്കാതിരുന്നതിനെ തുടർന്ന് മകനെ വിവരം അറിയിച്ചു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് രവീന്ദ്രന്റെ മൃതദേഹം കണ്ടെത്തിയത്.

ജനലിലൂടെ വീടിനുള്ളിൽ കയറിയ നായ മൃതദേഹത്തിൽ നിന്ന് മാംസം കടിച്ചെടുത്ത നിലയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ കട്ടിലിലും തലയോട്ടി തറയിലുമായിരുന്നു. ശരീരത്തിൽ സ്വർണാഭരണങ്ങൾ ഉണ്ടായിരുന്നതിനാൽ മോഷണമോ മറ്റ് ദുരൂഹ സാഹചര്യങ്ങളോ ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.
أحدث أقدم